പ്രതിവർഷം 400 ഓളം ഉദ്യോഗാർഥികളെ പരിശീലിപ്പിച്ച് തൊഴിൽ പ്രാപ്തരാക്കും

Spread the love

പ്രതിവർഷം 400 ഓളം ഉദ്യോഗാർഥികളെ പരിശീലിപ്പിച്ചു തൊഴിൽ പ്രാപ്തരാക്കുക എന്നതാണ് പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ലക്ഷ്യം. തൊഴിൽ സാധ്യത ഏറെയുള്ള ടൂൾ എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ്്, ടൂൾ ഡിസൈനിംഗ് പ്രിസിഷൻ ആൻഡ് സി.എൻ.സി മെഷിനിംഗ് കൺവെൻഷനണൽ ആൻഡ് സി.എൻ.സി വെർട്ടിക്കൽ മില്ലിങ്ങ്, കോൺവെൻഷനണൽ ആൻഡ് സി .എൻ.സി ടേണിങ് കോഴ്സുകൾ എൻ ടി ടി എഫ് ന്റെ നേതൃത്വത്തിൽ നടത്തും.കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിലും ഇവിടെ പരിശീലനം നൽകും. പ്ലസ് ടു കഴിഞ്ഞവർക്കാണ് പ്രവേശനം. കൂടാതെ ബിടെക് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്കായി ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കോഴ്സുകൾക്കായി നാല് വിഭാഗത്തിലുള്ള 44 മെഷിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്ത്ത്, മില്ലിംഗ്, ഡ്രില്ലിംഗ്, ഗ്രൈന്റിംഗ് എന്നീ മെഷിനുകൾ ഉൾക്കൊളളുന്ന കൺവെൻഷണൽ മെഷിൻ, ലെയ്ത്ത്, മില്ലിംഗ് എന്നിവ ഉൾക്കൊളളുന്ന കംപ്യൂട്ടറൈസ്ഡ് ന്യൂമെറിക്ക് കൺട്രോൾ മെഷിൻ, ത്രിഡി പ്രിന്റർ മെഷിൻ, ഇലക്ട്രിക്ക് ഡിസ്ചാർജ് മെഷിൻ എന്നിവയാണവ.
വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താൻ ക്യാംപസ് പ്ലെയ്സ്മെന്റ് സഹായം നൽകും. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി മെയിന്റനൻസ് തുടങ്ങി വരും കാലത്തെ തൊഴിൽ സാധ്യതകൾ കണ്ടെത്തി അതിനനുസൃതമായ കോഴ്സുകളും ഉടൻ ആരംഭിക്കും. പൊതുസമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ഒരു യൂണിറ്റും സെന്ററിൽ പ്രവർത്തിക്കും. വിജയകരമായി കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ കണ്ടെത്താൻ സഹായവും നൽകും. ലോകോത്തര സൗകര്യങ്ങളോടെയാണ് ഈ പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെമൂന്ന് നിലകളിൽ അത്യാധുനിക ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ, ലോക്കർ സൗകര്യമുള്ള വസ്ത്രങ്ങൾ മാറാനുള്ള മുറികൾ, മീറ്റിംഗ് റൂമുകൾ, സെർവർ റൂം, നെറ്റ വർക്ക് കണക്റ്റിവിറ്റിയുള്ള ഐ.ടി ലാബ് എന്നിവയും 66000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.