സഹകരണ അംഗ സമാശ്വാസനിധി മൂന്നാംഘട്ടത്തിൽ 10,271 പേർക്ക് സഹായം

Spread the love

സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ടത്തിൽ 10,271 അപേക്ഷകൾ പരിഗണിച്ച് 21.36 കോടി രൂപ അനുവദിച്ചതായി സഹകരണ, രജിസ്‌ട്രേഷൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇന്ന് (23 സെപ്റ്റംബർ) ചേർന്ന ഉന്നതതല സമിതിയാണ് അംഗ സമാശ്വാസ നിധിയിൽ ഓഗസ്റ്റ് 27 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് സഹായം അനുവദിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ഇതുവരെ 68.24 കോടി രൂപ അനുവദിച്ചു. 32,525 അപേക്ഷകളാണ് പരിഗണിച്ചത്.

2021 ജൂൺ 21 നായിരുന്നു ഒന്നാംഘട്ടമായി 23,94,10,000 രൂപ അനുവദിച്ചത്. 11,194 അപേക്ഷകളാണ് പരിഗണിച്ചത്. 2021 നവംബർ 30ന് രണ്ടാംഘട്ടത്തിൽ 11,060 അപേക്ഷകൾ പരിഗണിച്ച് 22,93,50,000 രൂപ അനുവദിച്ചിരുന്നു. ക്യാൻസർ. വൃക്ക രോഗം ബാധിച്ച വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ. ഗുരുതര കരൾരോഗം. ഡയാലിസിസ്. പരാലിസിസ് ബാധിച്ച ശയ്യാവലംബരായവർ, ഗുരുതര ഹൃദ്രോഗ ശസ്ത്രക്രിയ ,എച്ച്‌ഐവി, അപകടങ്ങളിൽ ശയ്യാവലംബരായവർ, മാതാപിതാക്കൾ മരണപ്പെട്ടു അവർ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവർക്കാണ് സഹകരണ സമാശ്വാസ നിധിയിൽ നിന്നും സഹായം ലഭിക്കുക. സമാശ്വാസ പദ്ധതി പ്രകാരം പരമാവധി സഹായം 50,000 രൂപയാണ്.മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് പദ്ധതിക്ക് അപേക്ഷിക്കാനാവുക. സംസ്ഥാന സഹകരണ സംഘങ്ങൾ .ബാങ്കുകൾ എന്നിവ അതാത് സാമ്പത്തികവർഷത്തെ അറ്റാദായത്തിൽ പത്ത് ശതമാനത്തിൽ അധികരിക്കാത്ത തുകയോ പരമാവധി ഒരു ലക്ഷം രൂപയോ ആണ് സമാശ്വാസം നിധിയിലേക്കുള്ള വിഹിതമായി നൽകുന്നത്.
മൂന്നാംഘട്ടത്തിൽ കാൻസർ ബാധിതരായ 5,419 പേർക്കും വൃക്ക രോഗം ബാധിച്ച 1395 പേർക്കും കരൾരോഗം ബാധിച്ച 319 പേർക്കും പരാലിസിസ്, അപകടങ്ങളിൽ പെട്ട് ശയ്യാവലംബരായ 772 പേർക്കും ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ 2343 പേർക്കുമാണ് അംഗ സമാശ്വാസ പദ്ധതിയിൽ നിന്നും സഹായധനം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.