ജനകീയം ഈ കാട് കൊത്തല്‍

Spread the love

കുടുംബശ്രീ പ്രവര്‍ത്തകര്‍ മാത്രം ഓഹരി ഉടമകളായി ആരംഭിച്ച ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആനന്ദമഠത്തിലെ 28 ഏക്കര്‍ ഭൂമിയിലെ കാട് വൃത്തിയാക്കല്‍ ജനകീയമായി. ബേഡഡുക്കയിലെ 350 കുടുംബശ്രീകളില്‍ നിന്നായി 2000 ലധികം സ്ത്രീകളാണ് ജനകീയ കാട് കൊത്തലിന് എത്തിയത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷനായി.

ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ല മിഷന്‍ കാസര്‍കോടിന്റെയും സഹായത്തോടെ ബേഡഡുക്ക സി.ഡി.എസ് ന്റെ നേതൃത്വത്തിലാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളില്‍ നിന്നു മാത്രം 1000 രൂപയുടെ ഓഹരി സ്വീകരിച്ച് ആരംഭിച്ച കമ്പനി 6 മാസം കൊണ്ടാണ് 28 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്.28 ഏക്കര്‍ സ്ഥലത്തെ മാതൃക കാര്‍ഷിക ഗ്രാമമാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹൈടെക് ഫാമുകള്‍, ഹട്ടുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ട്രെയിനിംഗ് സെന്ററുകള്‍, മാതൃക കൃഷിയിടം എന്നിവയടങ്ങുന്ന മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിന് മുന്നോടിയായി കാര്‍ഷിക പ്രവൃത്തികള്‍ ആരംഭിക്കും. നിലവില്‍ ജില്ലയിലാകെയുള്ള പഞ്ചായത്തുകളിലെ കൂടും കോഴിയും പദ്ധതി, മുട്ടക്കോഴി വിതരണം എന്നിവ കമ്പനി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്.
മാംസ സംസ്‌കരണ യൂണിറ്റ്, കാര്‍ഷിക അടിസ്ഥാന വികസന ഫണ്ട് ഉപയോഗപ്പെടുത്തി കാര്‍ഷിക വിഭവങ്ങളുടെ 50 ലധികം മൂല്യ വര്‍ദ്ധിത വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാനുളള പദ്ധതിയും തയ്യാറാവുന്നുണ്ട്. കറിപൗഡറുകള്‍, സ്‌പൈസസ്, ചക്ക, കൂവ്വ തുടങ്ങിയവയുടെ ഉത്പന്നങ്ങള്‍, ബേക്കറി ആന്റ് ഫുഡ് ഐറ്റംസ് എന്നിവ ബ്രാന്റ് ചെയ്ത് വിപണിയിലിറക്കും. ബേഡകം എംപവേര്‍ഡ് ടീം (ബെറ്റ് ) എന്ന പേരില്‍ ബ്രാന്റ് ചെയ്താണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. നിലവില്‍ 10000 ഓഹരികളാണ് സ്വരൂപിക്കാന്‍ സാധിച്ചത്. ഡിസംബര്‍ 1 നകം 21000 ഓഹരികള്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.