ഡിജിറ്റല്‍ സര്‍വേ; ജില്ലയില്‍ ആദ്യഘട്ടം നടപ്പാക്കുന്നത് 12 വില്ലേജുകളില്‍

Spread the love

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ പ്രയോജനം സമ്പൂര്‍ണമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ജില്ലയില്‍ സര്‍വേ സഭകള്‍ തുടങ്ങും. ജില്ലയില്‍ നിന്നും ഡിജിറ്റല്‍ സര്‍വേയുടെ ഒന്നാംഘട്ടത്തില്‍ കിളികൊല്ലൂര്‍, മങ്ങാട്, കൊറ്റംകര, കുലശേഖരപുരം, കല്ലേലിഭാഗം, തൊടിയൂര്‍, തലവൂര്‍, വിളക്കുടി, പത്തനാപുരം, ഇടമണ്‍, വാളാക്കോട്, പുനലൂര്‍ എന്നീ 12 വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയത്.
പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാനതല യോഗം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സര്‍വേയ്ക്ക് മുന്നോടിയായി ചേരുന്ന സര്‍വേ സഭകള്‍ ഫലപ്രദമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃപരമായ ഇടപെടല്‍ ഉറപ്പാക്കുന്നതിന് പൂര്‍ണ്ണപിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂസംബന്ധമായ പ്രശ്നങ്ങള്‍, അവ്യക്തതകള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവ പരിഹരിക്കാനും ഭൂവുടമകള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കാനും ഡിജിറ്റല്‍ സര്‍വേ വഴി സാധ്യമാണെന്നും വ്യക്തമാക്കി.സര്‍വേസഭകള്‍ വഴി സാങ്കേതിക തര്‍ക്കങ്ങളും മറ്റു സംശയങ്ങളും ദൂരീകരിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ആവശ്യമായ ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ സജ്ജമായിട്ടുണ്ട്. സര്‍വേ വകുപ്പിലെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സന്‍മാരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സര്‍വേയുടെ വിവിധ ഘട്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങള്‍ സംബന്ധിച്ച് പ്രചാരണം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സര്‍വേസഭകളില്‍ ജനപങ്കാളിത്തം പൂര്‍ണമായും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author