ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും

തിരുവനന്തപുരം :  വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരും വെയില്‍സ് സര്‍ക്കാരും ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗണുമായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇരു മന്ത്രിമാരും വെയില്‍സ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുതാര്യവും നേരിട്ടുള്ളതുമായ റിക്രൂട്ട്‌മെന്റ് ഉറപ്പാക്കുന്നതിന് ധാരണാപത്രത്തിലൂടെ കഴിയും. ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റ്, ആരോഗ്യ മേഖലയിലെ മറ്റ് ആശയ വിനിമയങ്ങള്‍, സഹകരണം എന്നിവ ഉറപ്പാക്കുന്നതിന് ഇരു സര്‍ക്കാരുകളുടെയും പ്രതിനിധികളുടെ കോ-ഓഡിനേഷന്‍ കമ്മറ്റി രൂപീകരിക്കും. ചര്‍ച്ചകള്‍ക്കായും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനായും വെയില്‍സ് പ്രതിനിധി സംഘം കേരളത്തില്‍ എത്തും.

ഇരു മന്ത്രിമാര്‍ക്കും പുറമെ ചീഫ് സെക്രട്ടറി വി.പി. ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വേണു രാജാമണി, യുകെയിലെ ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വെയില്‍സിലെ പ്രഥമമന്ത്രി മാര്‍ക്ക് ഡ്രാഡ്‌ഫോര്‍ഡുയുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളവുമായി ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സഹകരണത്തിലേക്ക് വെയില്‍സ് താത്പര്യപ്പെടുന്നതായും മന്ത്രി അറിയിച്ചു. കേരളത്തിന്റെ രുചിയും സംസ്‌കാരവും താനേറെ ഇഷ്ടപ്പെടുന്നതായും മന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും വെയില്‍സ് സര്‍ക്കാര്‍ നടത്തുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കുന്നതിന് താല്പര്യമുണ്ടെന്ന് വെയില്‍സ് പ്രഥമമന്ത്രി അറിയിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കാര്‍ഡിഫും സംഘം സന്ദര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രണ്ടു ദിവസമായി യുകെയിലുണ്ട്. ഇന്നലെ ലോക കേരള സഭയുടെ യൂറോപ്പ്, യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

ഫോട്ടോ ക്യാപ്ഷന്‍: ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു സര്‍ക്കാരിന്റേയും പ്രതിനിധികള്‍

Leave Comment