കേരളത്തിൽ നടക്കുന്നത് അതിവേഗ നഗരവത്ക്കരണം

Spread the love

കേരളത്തിൽ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്കരണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ജനാധിപത്യപരമായ രീതിയിൽ പൊതുജനപങ്കാളിത്തം സമാഹരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂർ-തത്തമംഗലം നഗരസഭയും ജില്ലാ നഗരാസൂത്രണ വിഭാഗവും കിലയും സംയുക്തമായി നടത്തുന്ന മാസ്റ്റർ പ്ലാൻ ത്രിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക വികസന സൂചികകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാര സൂചിക എന്നിവയിൽ വികസിതരാജ്യങ്ങൾക്കൊപ്പമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ സർഗാത്മക ചരിത്രമാണ് കേരളത്തിനുള്ളത്. പരിമിതികൾ തിരിച്ചറിഞ്ഞ് നവീകരണത്തിലൂടെയുള്ള നഗരവത്ക്കരണമാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിലെ വളർച്ചാനിരക്ക് 47.71 ശതമാനമാണ്. കഴിഞ്ഞ കാലഘട്ടത്തേക്കാൾ 83 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചതായും മന്ത്രി പറഞ്ഞു.
ഭാവിയിൽ നഗരം എങ്ങനെ ആയിരിക്കണം എന്ന സങ്കൽപ്പത്തോടെ കെട്ടിടങ്ങൾ, റോഡുകൾ, സാമൂഹ്യ പശ്ചാത്തലങ്ങൾ, വികസനം, പൊതുഇടങ്ങൾ എന്നിവ ഉൾപ്പെടുത്തി ചലനാത്മകവും തുറന്നുവെക്കുന്ന തരത്തിലുമുള്ള മാസ്റ്റർ പ്ലാൻ പദ്ധതികൾ തയ്യാറാക്കി ബദൽ മാർഗങ്ങൾ സൃഷ്ടിക്കാൻ കഴിയണം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഉപജീവനം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹാർദ്ദവും വനിതാ-ശിശു സൗഹൃദവും, മുതിർന്ന പൗരന്മാർ ഉൾപ്പെടെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി ശുദ്ധവായു, ശുദ്ധജലം, സുരക്ഷിത ഭവനം, വ്യായാമ സ്ഥലം എന്നിവക്ക് പ്രാധാന്യം നൽകുന്ന തരത്തിലായിരിക്കണം മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്. മറ്റു രാജ്യങ്ങളിലെ നഗരങ്ങളെ താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നഗരം കൂടുതൽ വ്യാപിക്കുകയാണ്. 2031 ആകുമ്പോഴേക്കും 95 ശതമാനം നഗരവത്ക്കരണമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാൻ വിദഗ്ധർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള കാലഘട്ടമാണ് വരാനിരിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട വിഷയം മാലിന്യനിർമാർജനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതുൾപ്പെടെ പദ്ധതി തയ്യാറാക്കണം. അതിനുതകുന്ന ഫണ്ട് തയ്യാറാണ്. കേരളത്തിലെ കുടുംബശ്രീ, ഹരിതകർമ്മസേന പോലുള്ള സംഘടനകളെ ഉൾപ്പെടുത്തി മാലിന്യ നിർമ്മാർജനത്തിന് ഊന്നൽ നൽകണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളെ വിളിച്ചു ചേർത്ത് ബോധവത്ക്കരണവും സംശയ നിവാരണവുമുൾപ്പെടെ ജനുവരിയിൽ കൊച്ചിയിൽ ഒരു കോൺക്ലേവ് സംഘടിപ്പിക്കാനും നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Author