പി.എം.എ.വൈ. ഭവന പദ്ധതി വഴി പട്ടണക്കാട് 24 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടൊരുങ്ങുന്നു

താക്കോല്‍ ദാനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും
ആലപ്പുഴ: വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹവുമായി കഴിഞ്ഞ 24 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതി പ്രകാരം വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നു. പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലായുള്ള 24 കുടുംബങ്ങള്‍ക്കാണ് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്
പി.എം.എ.വൈ. ഈ പദ്ധതി പ്രകാരം വീട് നിര്‍മാണത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായ 1,20,000 രൂപയും ജില്ല പഞ്ചായത്തിന്റെ വിഹിതമായ 98,000 രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ 1,12,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതമായ 70,000 രൂപയും ഉള്‍പ്പടെ നാല് ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭ്യമാകുന്നത്. ഇതിനുപുറമേ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 തൊഴില്‍ ദിനങ്ങളും ഗുണഭോക്താവിന് ലഭിക്കുക ഈ പദ്ധതി പ്രകാരം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 115 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 80 ശതമാനം ഗുണഭോക്താക്കള്‍ക്ക് ആദ്യഘഡു കൈമാറി കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.ഗ്രാമപഞ്ചായത്തുകളായ അരൂരില്‍ അഞ്ച്, കോടംത്തുരുത്തില്‍ രണ്ട്, കുത്തിയതോടില്‍ രണ്ട്, പട്ടണക്കാട് ഏഴ്, തുറവൂരില്‍ അഞ്ച്, വയലാറില്‍ മൂന്ന് എന്നിങ്ങനെയാണ് പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം.സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) പ്രകാരം അന്തിമമായി തയ്യാറാക്കിയ പെര്‍മനന്റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നാണ് ഈ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത്. ഉപഭോക്താവ് പരമാവധി 600 ചതുരശ്ര അടിയില്‍ ഹാള്‍, അടുക്കള, മുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിക്കേണ്ടത്.

Leave Comment