സ്റ്റാറ്റന്‍ഐലന്റ് തെരുവില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്കു കടിയേറ്റു

Spread the love

സ്റ്റാറ്റന്‍ഐലന്റ് (ന്യൂയോര്‍ക്ക്): തെരുവില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായ്ക്കളുടെ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ക്കു കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടില്‍ നിന്നാണ് എട്ടു പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ്ക്കള്‍ തെരുവിലെത്തിയത്. 250 യോര്‍ക്ക് അവന്യുവിലെ വീട്ടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന 2, 13, 19 വയസ് വീതമുള്ള പെണ്‍കുട്ടികളാണ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിനിരകളായത്.

കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരേയും രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടില്‍ 15 നായ്ക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ അനിമല്‍ കണ്‍ട്രോള്‍ ജീവനക്കാരും പോലീസും ചേര്‍ന്ന് നായ്ക്കളെ പിടികൂടി അനിമല്‍ ഷെല്‍ട്ടറില്‍ അടച്ചു.

റിച്ചുമോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന കുട്ടികള്‍ ഗുരുതാരവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ ഒരു പുരുഷനേയും സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ ചാര്‍ജുകള്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പറഞ്ഞു.