മാഗിന്റെ ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് അന്നമ്മ തോമസ്, എല്‍സി സൈമണ്‍ വാളാച്ചേരി എന്നിവര്‍ക്ക്

Spread the love

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഹൂസ്റ്റണില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡ് ഈ വര്‍ഷവും ഒരു ആഘോഷമായി തന്നെ നടത്തുകയുണ്ടായി. മാഗിന്റെ കര്‍ഷകശ്രീയായി സ്ത്രീകള്‍ തന്നെയായ അന്നമ്മ തോമസ്, എല്‍സി സൈമണ്‍ വാളാച്ചേരി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.

ബാബു മുല്ലശ്ശേരി, ചെയര്‍മാനായും ജെയിംസ് തുണ്ടത്തില്‍, മോന്‍സി കുരിയാക്കോസ് എന്നിവര്‍ കമ്മറ്റി അംഗങ്ങളുമായുള്ള വിധികര്‍ത്താക്കളാണ് ഇരുപതോളം കൃഷിക്കാരില്‍നിന്ന് ഷുഗര്‍ലാന്‍ഡിലുള്ള അന്നമ്മ തോമസിനെയും നേര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിയുടെ പത്‌നിയുമായ എല്‍സി സൈമനെയും സംശയലേശമന്യേ തിരഞ്ഞെടുത്തതു്, എന്നാല്‍ നാല്പതിലധികം പച്ചമരുന്നുകള്‍ യഥാവിധി കൃഷിചെയ്യുന്ന ജേക്കബ് ചാക്കോയെ (ബേബി) ബഹുമതിയും പ്രശംസാ പത്രവും നല്‍കി ആദരിച്ചു.

ഒന്നാം സ്ഥാനക്കാരിയായ അന്നമ്മയുടെ കൃഷിയിടത്തില്‍ അന്‍പതോളം ചേനകളും ഏലാദിവസവും മുപ്പതുമുതല്‍ മുപ്പത്തിയഞ്ചു കിലോ പാവക്കായും മറ്റുപച്ചക്കറികളും വിളവെടുക്കുന്നതോടൊപ്പം മുപ്പതോളം താറാവുകളും ഉണ്ട് .

രണ്ടാം സ്ഥാനക്കാരി എല്‍സി വാളാച്ചേരി തന്റെ വിളവെടുപ്പില്‍നിന്നു എല്ലാ ആഴ്ച്ചകളിലും ആറുമുതല്‍ പത്തുവരെ കുടുംബങ്ങള്‍ക്ക് തന്റെ വിളവുകള്‍ സൗജന്യമായി നല്‍കുന്നു എന്ന കാരുണ്യ പ്രവര്‍ത്തികൂടി ചെയ്തുവരുന്നു.

ഹൂസ്റ്റണിലെ പ്രമുഖ സംരംഭകരിലൊരാളായ റോയ് മാത്യുവാണ് സമ്മാനങ്ങള്‍ സംഭാവനചെയ്ത് ഈ സംരംഭം സമ്പന്നമാക്കിയത്.

മാഗ് പ്രസിഡന്റ് അനില്‍ ആറന്മുള വിജയികള്‍ക്ക് മലയാളി അസോസിയേഷന്‍ ഹാളില്‍വച്ച് നടന്ന ചടങ്ങില്‍ ആശംസകളും സമ്മാനങ്ങളും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

 

Author