സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം: കോട്ടയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

Spread the love

സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സ്വർണക്കപ്പിൽ മുത്തമിട്ടു. 491 പോയിന്റ് കരസ്ഥമാക്കിയാണ് കോട്ടയത്തിന്റെ നേട്ടം. തൃശൂർ ജില്ല 469 പോയിന്റോടെ രണ്ടാംസ്ഥാനം നേടി.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തിൽ 37 പോയിന്റോടെ തൃശൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 260 പോയിന്റോടെ കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാരായി. ഈ വിഭാഗത്തിൽ 100 പോയിന്റോടെ പത്തനംതിട്ട മണക്കാല സി.എസ്.ഐ. എച്ച്.എസ്.എസ്. മികച്ച സ്‌കൂളായി. കാഴ്ച പരിമിതി നേരിടുന്നവരുടെ വിഭാഗത്തിൽ 238 പോയിന്റോടെ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 96 പോയിന്റു നേടിയ ഒളശ്ശ സർക്കാർ അന്ധവിദ്യാലയം ഈ വിഭാഗത്തിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണ്ണക്കപ്പും ട്രോഫികളും വിതരണം ചെയ്തു. മികച്ച സ്‌കൂളുകൾക്കുള്ള ട്രോഫികൾ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വിതരണം ചെയ്തു.സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കലാ-സാഹിത്യ രംഗത്തെ കഴിവുകളിൽ മുൻനിരയിലാണ് തങ്ങളെന്ന് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ തെളിയിച്ചതായും കലാകാരന്മാരായ ഭിന്നശേഷി വിദ്യാർഥികൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. കലോത്സവ സ്മരണികയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. മൂന്നുദിവസമായി നടന്ന കലോത്സവത്തിൽ 1556 പേരാണ് 101 ഇനങ്ങളിലായി മത്സരിച്ചത്. ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസിലെ എട്ടുവേദികളിലായാണ് മത്സരം നടന്നത്.

Author