പുതിയ ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മികച്ച ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഉദ്യോഗസ്ഥർ സജ്ജരാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോർവാഹന വകുപ്പും നാറ്റ്പാക്കും ചേർന്ന് വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കായി നടത്തുന്ന PEACE ’22 ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായി മാറുന്ന സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് പ്രവർത്തനങ്ങളിൽ വേഗവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 ഉദ്യോഗസ്ഥർക്കാണ് പരിശീലനം. റോഡ് എൻജിനീയറിങിൽ പ്രായോഗിക പരിശീലനം നൽകുക വഴി എൻഫോഴ്സ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. റോഡ് നിർമാണത്തിന്റെ വിവിധ തലങ്ങൾ ശാസ്ത്രീയമായി ഉൾക്കൊണ്ട് എൻഫോഴ്സ്മെന്റ് സംവിധാനം പരിഷ്‌കരിക്കുന്നതിനും ഇതിലൂടെ സാധിക്കും. കെ.എസ്.സി.എസ്.ടി.ഇ – നാറ്റ്പാക് പ്രിൻസിപ്പൽ സയന്റിസ്റ്റ് വി.എസ് സഞ്ജയ് ഉദ്യോഗസ്ഥർക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave Comment