ജൽജീവൻ മിഷൻ പദ്ധതികൾ മാർച്ചിനകം പൂർത്തീകരിക്കണം

Spread the love

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പ്രവൃത്തികൾ 2023 മാർച്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സഹകരണ രജിസ്ട്രേഷൻ സാംസ്‌കാരികവകുപ്പു മന്ത്രി വി.എൻ. വാസവൻ. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റുമാനൂർ റിംഗ് റോഡ് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്നു മന്ത്രി നിർദേശിച്ചു. തിരുവാർപ്പ് കുമരകം സ്ട്രച്ചിൽ പുതിയ റോഡിന്റെ നിർമ്മാണത്തിന് 13 കോടി രൂപ അംഗീകരിച്ചു. ഗാന്ധിനഗർ റോഡ് ഡിസംബർ 15ന് പൂർത്തികരിച്ച് കമ്മീഷൻ ചെയ്യത്തക്ക രീതിയിൽ നിർമ്മാണം പുരോഗമിക്കുകയാണ്. നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണ പുരോഗതി യോഗത്തിൽ വിലയിരുത്തി. ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസ്. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ഒന്നരക്കോടി രൂപ ഇതിനായി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസി കോളജ് കെട്ടിടത്തിന്റെയും മോഡുലാർ ഓപ്പറേഷൻ തീയറ്ററിന്റെയും നിർമ്മാണം പൂർത്തികരിച്ചു. മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറി വിഭാഗത്തിൽ ത്രോബോ ഇലക്ട്രോഗ്രാഫ് മെഷീൻ, ബ്ലഡ് ബാങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ, റേഡിയോ ഓങ്കോളജി വിഭാഗത്തിന് ഡിജിറ്റൽ ഡ്രൈ ഹീറ്റ് കൺവെൻഷൻ ഓവൻ ആൻഡ് ബെല്ലിബോർഡ്, വെന്റിലേറ്റർ, പിസിആർ ടെസ്റ്റിംഗ് എക്യൂപ്മെന്റ് എന്നിവ പ്രവർത്തനക്ഷമമായിട്ടുണ്ട്. കുമരകത്ത് ഫയർ സ്‌റ്റേഷൻ ആരംഭിക്കുന്നതിന് വാടകകെട്ടിടം കണ്ടെത്തിയിട്ടുണ്ട്.

Author