മാതൃഭാഷപോലെ സ്‌നേഹമൂറുന്നതാകണം ഭരണഭാഷ മലയാള ലിപി പരിഷ്‌കരണം: ചര്‍ച്ച സംഘടിപ്പിച്ചു

Spread the love

ആലപ്പുഴ: മാതൃഭാഷപോലെ സ്‌നേഹമൂറുന്നതാകണം ഭരണഭാഷയെന്ന് മലയാള ലിപി പരിഷ്‌കരണം സിംപോസിയം അഭിപ്രായപ്പെട്ടു. മാതൃഭാഷയിലെ ലാളിത്യവും സ്‌നേഹവും ഭരണഭാഷയിലും പ്രതിഫലിക്കണം. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ജനങ്ങളോട് ജീവനക്കാര്‍ അവരുടെ ഭാഷയില്‍ സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ജനങ്ങളുടെതാകുന്നതെന്നും
ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘിടപ്പിച്ച മലയാള ലിപി പരിഷ്‌കരണം സിംപോസിയം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല എസ്.എന്‍. കോളജിലെ മലയാള വിഭാഗം മുന്‍മേധാവി ഡോ.ലേഖ റോയ്, മാധ്യമ പ്രവര്‍ത്തകനായ കെ.എ. ബാബു എന്നിവര്‍ പ്രഭാഷണം നടത്തി.പരിഷ്‌ക്കരിച്ച ലിപിക്കും പരിഷ്‌ക്കരിക്കാത്ത ലിപിക്കും ഇടയില്‍ കുരുങ്ങിക്കിടക്കുയാണ് മലയാളികളെന്ന് ലേഖ റോയ് പറഞ്ഞു. ത്രിഭാഷ പദ്ധതിയില്‍ മാതൃഭാഷാപഠനം ഉറപ്പിച്ചതിന് ശേഷം മാത്രം ഇംഗ്ലീഷോ മറ്റൊരു ഭാഷയോ പഠിപ്പിക്കുന്നതാണ് അഭികാമ്യമെന്നും അവര്‍ പറഞ്ഞു.
പത്രഭാഷ എന്നത് മനുഷ്യന്റെ ആകാംക്ഷയെ പൂരിപ്പിക്കുന്നതാണെന്ന് കെ.എ. ബാബു അഭിപ്രായപ്പെട്ടു. അനുഭവങ്ങളുടെ പരിസരത്ത് നിന്നാണ് ഭാഷ പരുവപ്പെടുന്നത്. വിവരസാങ്കേതിക വിദ്യയുടെയും മറ്റും ഫലമായി പുതുതായി കടന്നു വരുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്ക് ഏറ്റവും ലളിതമായ മലയാളം പദം കണ്ടെത്തുന്നത് ഇന്ന് മാധ്യമ രംഗത്തുള്ളവരും ഉദ്യോഗസ്ഥരും നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റവന്യൂ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് കെ.എസ്. ഗോപകുമര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

Author