പ്രശംസനീയം, കലോത്സവ നഗരിയിലെ ലഹരി വിരുദ്ധ സേന പ്രവര്‍ത്തനം

വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഇരകളാക്കി കേരളത്തില്‍ പിടിമുറുക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് കേരളമിന്ന്. ലഹരി വിമുക്ത കേരളത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ കലോത്സവ നഗരിയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അറുപത്തി ഒന്നാം ബേക്കല്‍ ഉപജില്ലാ കലോത്സവ വേദിയായ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിച്ച ലഹരി വിരുദ്ധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണ്.സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ലഹരി ഉപയോഗവും ലഹരി വില്പനയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കലോത്സവ നഗരിയില്‍ നിരീക്ഷണം ശക്തമാക്കിയത്. ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസുമായി സഹകരിച്ച് രഹസ്യ സ്‌ക്വാഡുകളുണ്ടാക്കിയാണ് സേന പ്രവര്‍ത്തിച്ചത്. കലോത്സവ നഗരിക്ക് പുറത്തുള്ള കുട്ടികളുടെ കൂട്ടായ്മയെ നിയന്ത്രിക്കുക, ലഹരി വില്‍ക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ കണ്ടെത്തി പൊലീസിനെയും എക്സൈസിനെയും അറിയിക്കുക. ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സേന പ്രവര്‍ത്തിച്ചത.്ബോധവത്കരണ ക്ലാസുകള്‍, വീടുകളില്‍ ലഘുലേഖ വിതരണം, ലഹരി വിരുദ്ധ ചിത്രരചനകള്‍, കലോത്സവ നഗരിക്ക് ചുറ്റും മനുഷ്യചങ്ങല, ഫ്ളാഷ് മോബ് തുടങ്ങിയവും ഇതിനോടനുബന്ധിച്ച് നടത്തി. കലോത്സവ സമയങ്ങളില്‍ രഹസ്യ സ്‌ക്വാഡുകള്‍ വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധനകളും നടത്തി.

Leave Comment