ലിസ്റ്റ് ഉണ്ടോ സഖാവെ അഴിമതി നടത്താൻ!!! : ജെയിംസ് കൂടല്‍

Spread the love

തൊഴിൽ ഇല്ലായ്ക്കയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഡൽഹിയിൽ നടത്തിയ മാർച്ചിൽ പങ്കെടുക്കാൻ തിരുവനന്തപുരം മേയർ പോയത് കോർപ്പറേഷനിൽ ഒഴിവുള്ള വിവിധ തസ്തകയിൽ സ്വന്തം പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള നീക്കത്തിന് കത്ത് എഴുതിവച്ചിട്ടാണെന്നത് നടുക്കത്തോടെയാണ് കേരളം അറിഞ്ഞത്. ഇഷ്ടക്കാരെ തിരികികയറ്റാനുള്ള നീക്കം മറനീക്കുമ്പോൾ അഭ്യസ്തവിദ്യാരായ വലിയ ഒരുകൂട്ടം കൂലിയും വേലയും ഇല്ലാതെ തേരാപാര നടുക്കകയാണെന്ന കാര്യം ഭരണകർത്താക്കൾ വിസ്മരിക്കുകയാണ്. തലസ്ഥാന കോർപ്പറേഷനിൽ പാർട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചുവെന്നതാണ് പുതിയ വിവാദം. ആരോഗ്യവിഭാഗത്തിൽ 297 പേരുടെ ഒഴിവുള്ളതായും ഇതിലേക്ക് സഖാക്കളെ റിക്രൂട്ട് ചെയ്യാനുമായിരുന്നു മേയറുടെ നീക്കം. ഇതിനായി മേയർ ആര്യാ രാജേന്ദ്രൻ സ്വന്തം ലെറ്റർ പാഡിൽ കത്ത് തയ്യാറാക്കി നൽകുകയുമായിരുന്നു. സംഭവം വിവാദമായതോടെ എങ്ങനെയും മുഖംരക്ഷിക്കാനായി സി.പി.എം നേതൃത്വത്തിന്റെ ശ്രമം. കത്ത് വ്യാജമായിരുന്നുവെന്നതായിരുന്നു ആദ്യ പ്രതികരണം. തുടർന്ന് വിവാദം ശമിപ്പിക്കാനായി തദേശ മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം എത്തി. തുടർന്ന് 297 നിയമനങ്ങളും എംപ്‌ളോയിമെന്റ് എക്‌സേഞ്ച് വഴിയാക്കി. നിയമനങ്ങളിലെ സുതാര്യത വ്യക്തമാക്കാനായിരുന്നു ഇത്തരത്തിലുളള

നീക്കമെങ്കിലും വിദ്യാഭ്യാസമുള്ള പുതുതലമുറ ഇത് വിശ്വാസ്യതയിൽ എടുത്തിട്ടില്ലായെന്ന് വേണം കരുതാൻ. അതിന് തെളിവാണ് സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങൾ. പാർട്ടിക്കാരെയും ബന്ധുജനങ്ങളെയും മാത്രം അധികാര സ്ഥാനങ്ങളിലും തൊഴിലിടങ്ങളിലും തിരികി കയറ്റുന്ന നെറികെട്ട രാഷ്ട്രീയമാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തുന്നതെന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഒരു മേയർ കാട്ടിക്കൂട്ടിയ തൻപ്രമാണിത്വം വലിയ ഒരു ഏടാക്കൂടത്തിന്റെ ഒരു അംശം മാത്രമാകാം. കൂടുതൽ അന്വേഷിച്ച് ചെന്നാൽ അഴിമതിയുടെ കാളകൂടം തന്നെയായിരിക്കാം വെളിപ്പെടുന്നത്. കൊടി പിടിക്കുന്നവനും സിന്ദാബാദ് വിളിക്കുന്നവനും മാത്രം മതി ജോലി എന്ന് നമ്മുടെ ഭരണകർത്താക്കൾ തീരുമാനിച്ചാൽ കഷ്ടപ്പെട്ട് പഠിച്ച വലിയ ഒരു വിഭാഗം ഇവിടെ പണിയില്ലാപ്പടയായി പട്ടിണിക്കിടന്ന് ചാകുന്നത് നാം കാണേണ്ടിവരും. മനസുമടിച്ച് വലിയ ഒരു വിഭാഗം നാട് വിടാനും അത് വഴിയാകാം. എന്തുതന്നെയായാലും ഇത്തരം ഇടപാടുകൾ നാടിന് ഭൂഷണമാകില്ല. തൊഴിലിടങ്ങളിൽ ഇഷ്ടക്കാർ

തിങ്ങിനിറയുമ്പോൾ നഷ്ടമുണ്ടാകുന്ന വിഭാഗം പ്രതിഷേധിച്ചേക്കാം. അരാഷ്ട്രീയ വാദം ഉയർന്നുവന്നേക്കാം. ഇതിന് അറുതിയിടണമെങ്കിൽ നാടിനെ മനസിലാക്കുന്ന തരത്തിലേക്ക് നമ്മുടെ ഭരണകർത്താക്കളും സംവിധാനങ്ങളും മാറണം. രാഷ്ട്രീയത്തിലെ സ്ഥാനമാനങ്ങൾ ആകരുത് തൊഴിലിനുള്ള മാനദണ്ഡം. ഏറ്റവും പ്രായം കുറഞ്ഞ മേയറുടെ ചാപല്യമായി ഇത്തരം സംഭവങ്ങളെ നിസാരവത്കരിക്കാനാകില്ല. മേയറുടെ കത്ത് കത്തി നിൽക്കുമ്പോൾ തന്നെയാണ് കോർപ്പറേഷനിൽ നിന്ന് സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ഡി.ആർ. അനിൽ പാർട്ടി സെക്രട്ടറിക്ക് കൽകിയ കത്തും പുറത്ത് വന്നത് . എസ്.എ.ടി ആശുപത്രിയിൽ പണിത വിശ്രമകേന്ദ്രത്തിൽ കുടുംബ ശ്രീ മുഖേന ഒൻപത് ജീവനക്കാരെ നിയമിക്കാനായിരുന്നു അടുത്ത കത്ത്. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ എഴുതിയില്ലെന്നും കിട്ടിയില്ലെന്നുമുള്ള പതിവ് പല്ലവിയിൽ കാര്യങ്ങൾ ഒതുങ്ങി.

സി.പി.എമ്മിനെ സംബന്ധിച്ച് ബന്ധുനിയമനം പുതിയ കാര്യമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ നടത്തിയ ബന്ധുനിയമനം ഏറെ വിവാദമായിരുന്നു. മന്ത്രിയുടെ രാജിക്ക് വരെ വഴിയൊരുക്കി വിവാദ നിയമനം. സർക്കാരിന്റെ അവസാന നാളുകളിൽ വിവിധ വകുപ്പുകളിൽ പാർട്ടി അണികളെ തിരുകി കയറ്റാനുള്ള ഗൂഢനീക്കമാണ് നടന്നത്. പ്രതിപക്ഷത്തിന്റെ സമയോചിത ഇടപെടലാണ് ഒരുപരിധിവരെയെങ്കിലും ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ കാരണമായത്. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന തസ്തികയിൽ പോലും താത്കാലികക്കാരെ നിയമിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. നിയമനം അഴിമതിയാക്കി മാറ്റപ്പെടുമ്പോൾ പഠിച്ചുപോയ കുറ്റത്തിന് പലർക്കും അർഹമായ ജോലി നഷ്ടമാകുന്ന കാഴ്ച നാളത്തെ കേരളം കാണേണ്ടി വരുന്നത് ഏറെ ഖേദകരമാണ്.

ജെയിംസ് കൂടല്‍
ചെയർമാൻ
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
യു എസ് എ