പരിഷ്കരിച്ച പാഠ്യ പദ്ധതി 2025-26 അധ്യയന വർഷംമുതൽ

ഓൺലൈനായി പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം

2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലേക്കായി പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാവുന്ന ടെക് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനശേഷം സംസാരിക്കയായിരുന്നു മന്ത്രി.
സാധാരണക്കാരൻ മുതൽ വിദ്യാർഥി വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങൾ സ്വരൂപിച്ചാണ് സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. ഇത്തരമൊരു ജനകീയ അഭിപ്രായ ശേഖരണം നടാടെയാണ്. നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പാഠ്യ പദ്ധതി പരിഷ്‌ക്കരണത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരെ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകൾ ഏകോപിപ്പിക്കാൻ റിസോഴ്‌സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.
‘പാഠ്യ പദ്ധതി പരിഷ്‌ക്കരണ വിഷയത്തിൽ ഇപ്പോൾ നടക്കുന്ന 26 ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ച ചർച്ചകൾ ഡിസംബർ 30 നകം പൂർത്തിയാകും. 2023 ജനുവരിയിൽ ഇതിന്റെ മേഖലാതല സെമിനാറുകൾ സംഘടിപ്പിക്കും. അടുത്ത ഒക്ടോബറോടെ പുതിയ പാഠ്യ പദ്ധതിയുടെ ഒന്നാംഘട്ട രചന പൂർത്തിയാകും. 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠ പുസ്തകങ്ങൾ നിലവിൽ വരും, ‘ മന്ത്രി വിശദീകരിച്ചു.
എസ്.സി.ആർ.ടിക്ക് വേണ്ടി കൈറ്റ് വികസിപ്പിച്ച ടെക് പ്ലാറ്റ്‌ഫോമിൽ (https://kcf.kite.kerala.gov.in) കയറി ലോകമെമ്പാടുമുള്ള മലയാളികൾക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാം. ഓരോ ഫോക്കസ് ഏരിയകളിലും നിർദേശങ്ങൾ നൽകാം. ഇതും കൂടി കണക്കിലെടുത്താകും പാഠ്യ പദ്ധതി പരിഷ്‌ക്കരണം.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ, ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് നടക്കുന്ന 64 മത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ലോഗോ മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരൂർ ALP സ്‌കൂളിലെ അധ്യാപകൻ അസ്ലം തിരൂർ തയ്യാറാക്കിയതാണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ.

Leave Comment