സഹകരണ മേഖലയിൽ സമഗ്രമായ നിയമ ഭേദഗതിക്ക് വകുപ്പ് തയ്യാറെടുക്കുന്നു

Spread the love

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായകരമല്ലാത്ത സാഹചര്യത്തിൽ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തിൽ നടന്ന അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമജ്ഞരും പ്രമുഖ സഹകാരികളുമായി ആലോചിച്ച് കരട് നിയമം നിയമവകുപ്പിന് കൈമാറിക്കഴിഞ്ഞു. ക്യാബിനറ്റിൽ വന്ന് അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും പ്രസ്തുത കരട് നിയമം സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന ലക്ഷ്യം കൂടിയുണ്ട്. ഓരോന്നോ രണ്ടോ മൂന്നോ ജില്ലകളൊ കേന്ദ്രീകരിച്ച് സഹകാരികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം നിയമജ്ഞരുമായി ആലോചിച്ച് വീണ്ടും നിയമസഭയിൽ അവതരിപ്പിച്ച് കുറ്റമറ്റ നിയമം സഹകരണ മേഖലക്കായി പാസാക്കുമെന്ന് മന്ത്രി അറിയിച്ചു.
ചില ബാങ്കുകളിൽ പത്തോ ഇരുപതോ കോടി നിക്ഷേപം ഉണ്ടായിരുന്ന കാലഘട്ടങ്ങളിൽ തുടങ്ങിവച്ച നിയമപരിഷ്‌കാരങ്ങൾ ഇന്ന് 1600 കോടി നിക്ഷേപമുള്ള പ്രൈമറി സംഘങ്ങളുള്ള സന്ദർഭത്തിൽ തികച്ചും അപര്യാപ്തമാണെന്ന് നമുക്കറിയാം. നോൺ ക്രെഡിറ്റ് മേഖലയിലെ സംഘങ്ങളുടെ വൈവിധ്യവത്കരണത്തിന് പുറമെ വിവിധ തരത്തിലുള്ള ഉത്പാദന വിതരണ സംസ്‌കരണ മേഖലകളിലെ പ്രവർത്തനങ്ങൾ വ്യാപിച്ചു വരുന്ന പ്രവണത കാണുന്നുണ്ട്. ഇതിനെല്ലാം സഹായകരമായ സ്ഥിതിവിശേഷം സഹകരണ മേഖലയിൽ ഉണ്ടാകണം. അതിന് ഇന്ന് നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
സഹകരണ മേഖലയിലെ സഹകരണ സംഘങ്ങൾക്കായി തയ്യാറാക്കിയ ലോഗോ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ആദ്യ ലോഗോ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമൻ എന്നിവർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. സർഗ്ഗ സഹകരണ യൂണിയൻ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, ആലത്തൂർ, മണ്ണാർക്കാട് ചെയർമാൻമാരായ ഡോ. പി. ജയദാസ്, കെ.സുരേഷ്, കെ. സുരേന്ദ്രൻ, കെ.ജി ബാബു, എം. പുരുഷോത്തമൻ എന്നിവരും ലോഗോ ഏറ്റുവാങ്ങി.

Author