ബഹുസ്വരത ഇല്ലാതായാല്‍ രാജ്യം സംഘര്‍ഷ ഭൂമിയാകും : എകെ ആന്റണി

Spread the love

ബഹുസ്വരതയും സാമ്പത്തിക സ്ഥിരതയും ഇല്ലാതെവന്നാല്‍ രാജ്യം വീണ്ടും സംഘര്‍ഷ ഭൂമിയായി മാറുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി.അതിനെ അതിജീവിക്കാന്‍ നെഹ്‌റുവിയന്‍ നയങ്ങളിലേക്ക് തിരിച്ച് പോയാലെ രാജ്യത്തിന് തിരിച്ച് വരവ് നടത്താനാകൂയെന്നും അദ്ദേഹം പറഞ്ഞു.ശിശുദിനാഘോഷങ്ങളുമായി കെപിസിസി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിഭജനത്തിന് ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് നെഹ്‌റുവിന്റെ ഭരണ നൈപുണ്യമാണ്. മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദഗതി ഉണ്ടായപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച് ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതാണ്.രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അംബേദ്ക്കറുടെ സഹായത്തോടെ ശക്തമായ ഭരണഘടനയ്ക്ക് രൂപം നല്‍കുകയും ബഹുസ്വരത,സാമൂഹിക,സാമ്പത്തിക നീതി എന്നിവ ഉറപ്പുവരുത്തുകയും ചെയ്തു. നെഹ്‌റുവും അംബേദ്ക്കറും വിഭാവന ചെയ്ത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണ്. നെഹ്‌റുവിനെ തമസ്‌ക്കരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും എകെ ആന്റണി പറഞ്ഞു.

കെപിസിസി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എന്‍.ശക്തന്‍,ടി.യു.രാധാകൃഷ്ണന്‍, ജിഎസ് ബാബു,ജി.സുബോധന്‍,പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്,വിഎസ് ശിവകുമാര്‍,വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ്,പന്തളം സുധാകരന്‍,നെയ്യാറ്റിന്‍കര സനല്‍,കെ.മോഹന്‍കുമാര്‍,കമ്പറ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author