മയക്കുമരുന്നു ലഭ്യത പൂർണമായി ഇല്ലാതാക്കണം; വിവരം നൽകുന്നവരുട ഐഡന്റിറ്റി പൂർണ രഹസ്യമായി സൂക്ഷിക്കും: മുഖ്യമന്ത്രി

നോ ടു ഡ്രഗ്സ് ക്യാംപെയിൻ രണ്ടാം ഘട്ടത്തിനു തുടക്കമായി.

മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ വർത്തമാനത്തേയും ഭാവിയേയും കരുതിയുള്ള ഇടപെടലാണെന്നും രണ്ടാം ഘട്ട ക്യാംപെയിനു തുടക്കമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികൾക്കായി മുഖ്യമന്ത്രി നൽകിയ സന്ദേശത്തോടെയാണു നോ ടു ഡ്രഗ്സ് രണ്ടാം ഘട്ടത്തിനു തുടക്കമായത്.
ലഹരിക്കെതിരായി കേരളം നടത്തുന്ന ക്യാംപെയിനിന്റെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള ചില രീതികൾ ആദ്യ ഘട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. മയക്കുമരുന്നിന്റെ ദൂഷ്യങ്ങൾക്ക് അടിപ്പെട്ടു പോയവരെക്കുറിച്ചുള്ള വിവരങ്ങളിൽ മൗനംപാലിക്കുന്നത് അവരെ കൂടുതൽ മോശം അവസ്ഥയിലേക്കു തള്ളിവിടാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കിലും, അത് ഉപയോഗിക്കുന്നയാളെക്കുറിച്ചുള്ള വിവരം അധ്യാപകരേയോ മറ്റു കേന്ദ്രങ്ങളേയോ അറിയിക്കാതിരിക്കുന്നത് വലിയ തെറ്റാണെന്നതു വിദ്യാർഥികൾ ഉൾക്കൊള്ളണം. ലഹരിയുമായി ബന്ധപ്പെട്ട വിവരം കൊടുത്താൽ അതു താനാണു നൽകിയതെന്നതിലൂടെ ഇവരുടെ വിരോധം സമ്പാദിക്കേണ്ടിവരുമോയെന്നു ചിന്തിക്കുന്ന ചിലരുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട, പൂർണ രഹസ്യമായി ആ വിവരസ്രോതസ് സൂക്ഷിക്കും. വിവരങ്ങൾ കൊടുക്കുന്നയാളുടെ പേര് ഒരുതരത്തിലും പുറത്തുപോകില്ല.

Leave Comment