കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്തത് മുഖ്യമന്ത്രിയും ഗവര്‍ണറും

Spread the love

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നല്‍കിയ ബൈറ്റ്  (15/11/2022)

രാജ്ഭവന്‍ മാര്‍ച്ച് വെറും തമാശ; ബംഗാളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയവര്‍ കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ട.

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തത്. അവര്‍ ഒന്നിച്ച് ആലോചിച്ചാണ് ഒന്‍പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോള്‍ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണ്.

സുപ്രീം കോടതി വിധിക്കെതിരായ ഈ സമരത്തെ ജനങ്ങള്‍ തമാശയായി മാത്രമെ കാണുകയുള്ളൂ. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകാന്‍ വേണ്ടി നടത്തുന്ന നാടകമാണ് രാജ് ഭവനിലേക്കുള്ള സമരം. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ്.

കോര്‍പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എല്‍.ഡി.എഫ് രാജ്ഭവനിലേക്ക് പ്രകടനം നടത്തിയത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഒരു ഇടപെടാത്തതില്‍ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ വലിയ അരക്ഷിതാവസ്ഥയാണ് സര്‍ക്കാര്‍

ഉണ്ടാക്കിയിരിക്കുന്നത്. മേയര്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച് കത്ത് എവിടെ പോയി? ഒരു കത്ത് കത്തിച്ച് കളഞ്ഞെന്ന് പറയുന്നു. അപ്പോള്‍ തെളിവ് നശിപ്പിച്ചതിന് കേസെടുക്കില്ലേ? രണ്ട് കത്തും പോയത് പി.എസ്.സിയിലേക്കോ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്കോ അല്ല ജില്ലാ സെക്രട്ടറിയുടെ കൈകളിലേക്കാണ്. കത്ത് നല്‍കിയത് ജില്ലാ സെക്രട്ടറിക്കായതിനാല്‍ അത് നശിപ്പിക്കപ്പെട്ടതും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും. സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിലെ തെളിവ് നശിപ്പിച്ചത്. ഫോണില്‍ കൂടി മൊഴിയെടുത്തും അന്വേഷണം നടത്തിയും അവസാനം പ്രധാന തെളിവായ കത്ത് ഇല്ലാതായി. തെളിവ് നശിപ്പിച്ചതിന് ഉത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയാണ്. അതുകൊണ്ട് ജില്ലാ സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണം. ജില്ലാ സെക്രട്ടറിയെ രക്ഷിക്കാനാണ് കത്ത് കൊടുത്തിട്ടില്ലെന്ന് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും നാടകമാണ്.

എം.വി ഗോവിന്ദനും പിണറായി വിജയനും എം.എ ബേബിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് പി.ബി അംഗങ്ങളുടെ അറിവോടെയല്ലേ സി.പി.എം ബംഗാളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ രഹസ്യ ബാന്ധവമാണ് ഇപ്പോള്‍ ബംഗാളില്‍ പരസ്യമായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് നില്‍ക്കണമെന്നാണ് അവര്‍

തീരുമാനിച്ചിരിക്കുന്നത്. ഇതേ പി.ബി അംഗങ്ങള്‍ തന്നെയാണ് കേരളത്തില്‍ വന്ന് കോണ്‍ഗ്രസ് നേതാക്കളുടേത് സംഘി മനസാണെന്ന് പറയുന്നത്. കേരളത്തിലും ബംഗാളിലും സഖ്യമുണ്ടാക്കിയ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ട. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോണ്‍ഗ്രസ് ഒരു കാലത്തും തയാറാകില്ല. നെഹ്‌റൂവിയന്‍ ആദര്‍ശങ്ങളെ മുറുകെപിടിച്ചേ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ. ഇക്കാര്യം ചിന്തന്‍ ശിവിറിലും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്നും മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തില്‍ ആദ്യമായി പറയാന്‍ തന്റേടം കാട്ടിയ മുന്നണിയും പാര്‍ട്ടിയുമാണ് യു.ഡി.എഫും കോണ്‍ഗ്രസും.

 

Author