ജൈവ കൃഷിക്ക് തണലായി പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍

കാസര്‍കോട്: ജൈവ കൃഷിക്ക് താങ്ങും തണലുമായി കാസര്‍കോട് പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍. ജില്ലാ പഞ്ചായത്തിന് കീഴില്‍ സംസ്ഥാന വിത്തുത്പാദ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കര്‍ഷകര്‍ക്കായി 20 ഉത്പന്നങ്ങളാണ് പുതിയതായി ഉത്പാദനം ആരംഭിച്ചത്. 1960 കളില്‍ കേരളത്തിലെ തീരപ്രദേശങ്ങളിലെ തെങ്ങുകളില്‍ തെങ്ങോല പുഴുക്കളുടെ അക്രമം അതിരൂക്ഷമായിരുന്നു. ഇതിനെ തടയാന്‍ സര്‍ക്കാര്‍ എതിര്‍ പ്രാണികളുടെ പ്രജനന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് 9 ഇടങ്ങളില്‍ ആരംഭിച്ചു. ജില്ലയില്‍ നീലേശ്വരത്ത് ആണ് ആദ്യം കേന്ദ്രം സ്ഥാപിച്ചത്.പിന്നീട് ഇത് കാസര്‍കോട് ഫാമിന്റെ കീഴിലേക്ക് മാറ്റി. 2007 മുതല്‍ പുതിയ കെട്ടിടത്തില്‍ തെങ്ങോല പുഴു നിയന്ത്രണ വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങി. 2012 ല്‍ എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി കാസര്‍കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിച്ചു. എന്നാല്‍ അതുവരെ ആധുനിക കൃഷി സംവിധാനങ്ങളുടെ പിന്തുണയോടെ കൃഷി നടത്തിയ കര്‍ഷകര്‍ ജൈവ ഉത്പാദന ഉപാധികളുടെ ലഭ്യതക്കുറവ് കാരണം ഏറെ പ്രയാസം അനുഭവിച്ചു. ഇതിന് താത്ക്കാലിക പരിഹാരമായി പടന്നക്കാട് കാര്‍ഷിക കോളജ് ലാബ് ജൈവ കീട നിയന്ത്രണ ഉപാധികള്‍ ലഭ്യമാക്കി.എന്നാല്‍ കാസര്‍കോട് മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിലെ കര്‍ഷകര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതിന് 2015 ല്‍ വിള ആരോഗ്യ പരിപാലന പദ്ധതി പ്രകാരം ജൈവ നിയന്ത്രണ ഉപാധികള്‍ (ബയോ കണ്‍ട്രോള്‍ എജന്‍സി) നിര്‍മിക്കുന്ന ലാബായി കാസര്‍കോട് പാരസൈറ്റ്സ് ബ്രീഡിങ് സ്റ്റേഷന്‍ മാറിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് ഉപകാര പ്രദമായ ഒട്ടേറെ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിച്ചു വരുന്നു.മണ്ണിലൂടെ പകരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മിത്ര കുമിള്‍ ആയ ട്രൈക്കോഡര്‍മ, തെങ്ങിന് കൂമ്പ് ചീയല്‍, പച്ചക്കറി വിളകളുടെ കട ചീയല്‍, വേര് രോഗങ്ങള്‍ എന്നിവ തടയുന്നതിനായി ട്രൈക്കോ കേക്ക്, സസ്യ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന മിത്ര ബാക്ടീരീയ സ്യൂഡോമൊണാസ്, കീട നിയന്ത്രണത്തിന് മിത്ര കുമിള്‍ ബ്യൂവേറിയ, വേരുതീനിപ്പുഴുക്കള്‍, വണ്ടുകള്‍, കൊമ്പന്‍ ചെല്ലി, പച്ചക്കറി വിളകളിലെ മത്തന്‍ വണ്ടുകള്‍, വിവിധയിനം പുല്‍ച്ചാടികള്‍, ചിതലുകള്‍ എന്നിവയെ നിയന്ത്രിക്കുന്ന മെറ്റാറൈസിയം നീരുറ്റി കുടിക്കുന്ന കീടങ്ങള്‍, ലെക്കാനി വേപ്പെണ്ണ, വെളുത്തുള്ളി സോപ്പ് മിത്രനിമാവിരകള്‍ എന്നീ കീട നിയന്ത്രണ ഉപാധികളും ജീവാണു വളങ്ങളായ റൈസോബിയം, അസോസ്പൈറില്ലം, അസോറ്റോബാക്ടര്‍, അസോള, ഫോസ്ഫറസ് ജീവാണു വളങ്ങള്‍, മൈകോറൈസ, ബയോ പൊട്ടാഷ്, സമ്പൂര്‍ണ സൂക്ഷ്മപോഷക മിശ്രിതം തുടങ്ങിയ ജീവാണു വളങ്ങളും ഇവിടെ നിര്‍മ്മിക്കുന്നു.

Leave Comment