അഖണ്ഡത സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച ധീര വനിതയാണ് ഇന്ദിരാഗാന്ധി : കെ.സുധാകരന്‍ എംപി

ഇന്ത്യയുടെ അഖണ്ഡതയ്ക്കും പുരോഗതിക്കും സ്വന്തം ജീവിതം സമര്‍പ്പിച്ച ധീര വനിതയാണ് ഇന്ദിരാഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം ചിതറി പോകുമെന്ന് ലോകം കരുതിയിരുന്ന ഇന്ത്യന്‍ ജനതയെ ഒന്നിപ്പിച്ച് നിര്‍ത്തി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കരുത്ത് പകര്‍ന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്‍ഗാമിയായ ഇന്ദിരയും പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ മതേതര മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ദിരാഗാന്ധിയെ ഉരുക്കു വനിത എന്ന വിശേഷണത്തിന് അര്‍ഹയാക്കി.രാജ്യത്തിന്റെ അഭിമാനം ആരുടെ മുന്നിലും അടിയറവ് വയ്ക്കാതെ അത് സംരക്ഷിക്കാന്‍ ലോകശക്തികളെ പോലും വെല്ലുവിളിക്കാനുള്ള ആര്‍ജ്ജവമുള്ള ഭരണാധികാരിയായിരുന്നു

ഇന്ദിരാഗാന്ധി .ഇന്ത്യയെ ആക്രമിക്കുന്നതിന് ശത്രു രാജ്യത്തെ സഹായിക്കാന്‍ അമേരിക്കന്‍ കപ്പല്‍പ്പട തയ്യാറായപ്പോള്‍ രാജ്യത്തിന്റെ മാനം സംരക്ഷിക്കാന്‍ വേണ്ടിവന്നാല്‍ തിരിച്ചടിക്കുമെന്ന് നിര്‍ഭയത്തോടെ സാമ്രാജ്യശക്തികളെ വെല്ലുവിളിക്കാന്‍ ഇന്ദിരയ്ക്ക് കഴിഞ്ഞത് അവരുടെ ഇച്ഛാശക്തിക്കും ഭരണ മികവിനും ഉദാഹരണമാണ്.ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും വിട്ടുവീഴ്ചയില്ലാതെ തുറന്നു പറയാന്‍ ധൈര്യം കാട്ടിയ നേതാവാണ് ഇന്ദിര.രാജ്യം കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളാണ് ഇന്ദിരാഗാന്ധി .സിഖ് വിരുദ്ധ കലാപത്തിനുശേഷം സ്വയസുരക്ഷ മുന്‍നിര്‍ത്തി അംഗരക്ഷകരിലെ ചിലരെ മാറ്റിനിര്‍ത്താമായിരുന്നെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പോറല്‍ ഏല്‍ക്കാതിരിക്കാന്‍ അതിന് അവര്‍ തയ്യാറാവാത്തതിന് നല്‍കിയ വിലയാണ് ഇന്ദിരാഗാന്ധിയുടെ സ്വന്തം ജീവന്‍.ഇന്ദിരാഗാന്ധിയെ കുറിച്ചുള്ള ഓരോ ഓര്‍മ്മകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ഊര്‍ജ്ജവും കരുത്തുമാണ് . രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതത്തിന്റെ കഥയാണ് ഇന്ദിരാഗാന്ധിയുടെ ജീവിതമെന്നും കെ. സുധാകരന്‍ പറഞ്ഞു.

കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ടി.യു. രാധാകൃഷ്ണന്‍,ജി എസ് ബാബു,ജി. സുബോധന്‍,പഴകുളം മധു ,എംഎം നസീര്‍ ,കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍ ,ടി ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള ,എം.വിന്‍സെന്റ് എംഎല്‍എ ,കെ . മോഹന്‍കുമാര്‍ ,ആര്‍ വത്സലന്‍ ,എം ആര്‍ രഘുചന്ദ്രബാല്‍,കെ പി .കുഞ്ഞികണ്ണന്‍,ആറ്റിപ്ര അനില്‍,നദീറ സുരേഷ്,വീണാ എസ് നായര്‍ , കോട്ടാത്തല മോഹനന്‍,സിമി റോസ് ബെല്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment