ഗാര്‍ഹിക പീഡനം; വനിതാ ശിശു വികസന വകുപ്പ് പരിശീലനം സംഘടിപ്പിച്ചു

Spread the love

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനകേസുകളിലെ നിയമവശങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. വെള്ളിമാട്കുന്ന് ജെന്റര്‍പാര്‍ക്കില്‍ നടന്ന പരിശീലനം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സുലേക്ഷന അധ്യക്ഷത വഹിച്ചു.

സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍, ഷെല്‍ട്ടര്‍ ഹോം എന്നിവിടങ്ങളിലെ ജീവനക്കാര്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി നൂറോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഗാര്‍ഹിക പീഡനങ്ങളിലെ നിയമ വശങ്ങള്‍, കൈകാര്യം ചെയ്യുന്ന രീതി, വിവിധ തലങ്ങള്‍, ലിംഗ സമത്വം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഏകദിന സെമിനാര്‍ നടന്നത്.

ജെന്റര്‍ അക്കാദമിക് കൗണ്‍സില്‍ ജെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ ആനന്ദി, വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, അഡ്വ.സന്ധ്യ രാജു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളിലായി ക്ലാസുകള്‍ എടുത്തു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ അബ്ദുള്‍ ബാരി നന്ദി അറിയിച്ചു.

Author