എക്കോ അവാർഡ് ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു

Spread the love

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന ‘എക്കോ’യുടെ ECHO (Enhance Community through Harmonious Outreach) ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജെറിക്കോയിലെ കൊട്ടിലിയൻ റെസ്റ്റാറെന്റിൽ നടന്ന വർണാഭമായ ചടങ്ങിൽ വെസ്റ്ചെസ്റ്ററിൽ നിന്നുള്ള പ്രമുഖ സംരംഭകൻ ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടനും നിര്‍മാതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്‍ എക്കോയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. അവാര്‍ഡ് ജേതാവിനേയും അദ്ദേഹം നിര്‍ലോപം പ്രശംസിച്ചു.

എക്കോ എന്നത് ഊര്‍ജത്തിന്റെ സ്രോതസാണ്. ശബ്ദം പുറത്തേക്ക് പോകുന്നു. അത് പ്രതിധ്വനിയായി തിരിച്ചുവരുന്നു. ഇതു തന്നെയാണ് മറ്റുള്ളവരെ സഹായിക്കുമ്പോഴും സംഭവിക്കുന്നത്- കൊല്ലപ്പെട്ട മിഷനറി ഗ്രഹാം സ്റ്റെയിൻസ് ആയി സിനിമയിൽ വേഷമിട്ടിട്ടുള്ള ബാൾഡ്വിൻ പറഞ്ഞു.

ലോംഗ് ഐലന്റില്‍ ഈ ചടങ്ങ് നടക്കുന്നതില്‍ സന്തോഷമുണ്ട്. ലോംഗ് ഐലൻഡിലെ മസപേക്വയില്‍ തന്റെ പിതാവ് 35 വര്‍ഷം സ്‌കൂള്‍ ടീച്ചറായിരുന്നു. നാലു സഹോദരരില്‍ ഇളയ ആളാണ് താന്‍. (സഹോദരന്‍ പ്രശസ്ത നടന്‍ അലക് ബാള്‍ഡ് വിന്‍ സിനിമാ ചിത്രീകരണത്തിനിടെ ഫോട്ടോഗ്രാഫറെ അബദ്ധത്തില്‍ വെടിവച്ചതിന് വാര്‍ത്തകളില്‍ സജീവമായുണ്ട്).

പതിനഞ്ച് വര്‍ഷം മുമ്പാണ് താന്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്- സ്റ്റീഫന്‍ ബാള്‍ഡ് വിന്‍ ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള ചടങ്ങുകള്‍ ഏറെ ശ്രദ്ധേയമാണ്. വിജയം കൈവരിച്ച രാഷ്ട്രീയക്കാരും, ബിസിനസുകാരും, ബോളിവുഡ് നടനുമൊക്കെ ഇവിടെ ഒത്തുകൂടിയിരിക്കുന്നു. എല്ലാവരും ഒരു ലക്ഷ്യത്തിൽ ഒന്നിക്കുന്നു. സമൂഹത്തിന് തിരിച്ചു നല്‍കുക എന്നതിൽ.

എല്ലാവര്‍ക്കും ഞാന്‍ വിജയം ആശംസിക്കുന്നു. പ്രത്യേകിച്ച് അവാര്‍ഡ് ജേതാവ് ജോര്‍ജ് ജോണിന്. എന്തുകൊണ്ടും ഈ അവാര്‍ഡിന് അര്‍ഹനായ വ്യക്തിയാണ് അദ്ദേഹം. ടീം വര്‍ക്ക് എന്തെന്ന് അറിയാവുന്ന വ്യക്തിയാണദ്ദേഹം. അതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ മനസിലാക്കിയ വ്യക്തിയും.

‘എക്കോ’ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. ‘എക്കോ’ യിലുള്ളവർ ഉർജ്ജസ്വലരായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ മുന്നിട്ടിറങ്ങുന്നു. മറ്റുള്ളവര്‍ നിങ്ങളോട് എന്തു ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ അവരോടും ചെയ്യണം എന്നാണ് ബൈബിളില്‍ പറയുന്നത്. ജോര്‍ജ് ജോണും ചെയ്യുന്നത് അതാണ്- അദ്ദേഹം പറഞ്ഞു.

ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അവാര്‍ഡ് ജേതാവ് ജോര്‍ജ് ജോണ്‍ കല്ലൂര്‍ മറുപടി പ്രസംഗം നടത്തിയത്. ദീര്‍ഘകാലമായി തനിക്ക് പരിചയമുള്ള എക്കോ ഡയറക്ടർ കൂടിയായ സാബു ലൂക്കോസ് ഒരു മാസം മുമ്പ് തന്റെ റെസ്യൂമെ ചോദിച്ചു. ഞാനത് നിരസിച്ചു. എന്നാല്‍ കുറച്ചെങ്കിലും വിവരം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

പിന്നീട് കേരള സമാജത്തില്‍ മജീഷ്യന്‍ മുതുകാടിനൊപ്പം പോവുകയുണ്ടായി . അതിനു കാരണക്കാരന്‍ പോള്‍ കറുകപ്പള്ളില്‍ ആയിരുന്നു. അദ്ദേഹമാണ് തന്റെ പ്രവര്‍ത്തനങ്ങളെ പുറത്തുകൊണ്ടുവന്നത്. അതുവരെ ആരും അറിയാതെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു തന്റേത്. തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങൾ അറിഞ്ഞതിൽ ഒട്ടും സന്തോഷമില്ല.

രാഷ്ട്രീയക്കാരുമായോ സിനിമാക്കാരുമായോ തനിക്ക് ബന്ധമൊന്നുമില്ല. എങ്കിലും സ്റ്റീവിനെ പരിചയപ്പെട്ടപ്പോള്‍ അവാര്‍ഡ് കാര്യം പറഞ്ഞു. അദ്ദേഹവും ഈ ചടങ്ങിൽ പങ്കെടുക്കാമെന്നും സമ്മതിച്ചു.

റോക്ക് ലാന്‍ഡില്‍ ഓട്ടോ ബോഡി ഷോപ്പ് ബിസനസ് നടത്തുന്ന നോവയുടെ പേരും ജോര്‍ജ് ജോണ്‍ ചൂണ്ടിക്കാട്ടി. കാറിന് റിപ്പയര്‍ ആവശ്യമുണ്ടെങ്കില്‍ അദ്ദേഹത്തെ സമീപിച്ചാല്‍ മതി.

താന്‍ പലര്‍ക്കും വീട് വച്ചു നല്‍കിയിട്ടുണ്ടെങ്കിലും വയനാട്ടില്‍ 35 വീട് നല്‍കിയതിന്റെ ക്രെഡിറ്റ് തനിക്കില്ലെന്നദ്ദേഹം പറഞ്ഞു.

ഈ ജീവിതത്തിനുശേഷമുള്ള വലിയ അവാര്‍ഡ് ആണ് തന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. അതിനായി നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം- അദ്ദേഹം പറഞ്ഞു.

ജോർജ് ജോണിന് ശില്പം എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു സമ്മാനിച്ചു. ക്യാഷ് അവാർഡ് സാബു ലൂക്കോസ് സമ്മാനിച്ചു . ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ്.

അന്തരിച്ച സോളമന്‍ മാത്യുവിനെപ്പറ്റിയുള്ള ചെറിയൊരു വീഡിയോയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. അറ്റോര്‍ണി ജസീക്കാ ജോര്‍ജ് ആയിരുന്നു എംസി. അന്നു ജോസഫ് പ്രാരംഭമായി നൃത്തം അവതരിപ്പിച്ചു.

സ്വാഗതം ആശംസിച്ച സാബു ലൂക്കോസ് എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്തരം സദ്പ്രവര്‍ത്തനങ്ങളോട് താത്പര്യമുള്ളതുകൊണ്ടാണ് എല്ലാവരും ഈ ചടങ്ങിനെത്തിയിരിക്കുന്നത്. കോവിഡ് പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്കോ ചെയര്‍മാന്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷ പ്രസംഗത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുവാനുള്ള ഗാന്ധിയന്‍ ആദര്‍ശമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് പറഞ്ഞു. നമ്മുടെ സമൂഹത്തെ ഉയത്തുന്നതിന്റെ പരിശ്രമങ്ങളില്‍ നാമും പങ്കാളികളാകുന്നു. കഴിഞ്ഞവര്‍ഷം ഏതാനും പേരുമായി തുടങ്ങിയ സീനിയര്‍ പ്രോഗ്രാം ഇപ്പോള്‍ 200 പേരുള്ള സീനിയര്‍ വെല്‍നസ് പ്രോഗ്രാം ആയി മാറി. ഇത് സ്വയം പര്യാപ്തമായ പ്രോഗ്രാം ആയി മാറണം. ജീവിക്കാന്‍ വേണ്ടി നാം ഓരോ പ്രവര്‍ത്തി ചെയ്യുന്നു. എന്നാല്‍ നാം മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്ക് ഒരു ജീവിതം ലഭ്യമാകുന്നു- അദ്ദേഹം പറഞ്ഞു.

സെനറ്റര്‍ കെവിന്‍ തോമസ് തന്റെ പ്രസംഗത്തില്‍ പുഴകള്‍ അവയിലെ വെള്ളം കുടിക്കുകയോ, മരങ്ങള്‍ അവയുടെ പഴങ്ങള്‍ ഭക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന പഴമൊഴി ചൂണ്ടിക്കാട്ടി. സേവനവും അതുപോലെയാണ്. സേവനസന്നദ്ധരായ ഈ സമൂഹത്തിനെ സെനറ്റില്‍ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ട്.

ചടങ്ങിന്റെ മുഖ്യ സ്‌പോണ്‍സറായിരുന്ന ടി.ആര്‍ ജോയി, കൗണ്ടിയിലെ പ്രമുഖ നേതാക്കള്‍ തുടങ്ങിയവരും സംസാരിച്ചു .

സ്‌പോണ്‍സര്‍മാരെ ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ വെല്‍നസ് പ്രോഗ്രാമിലുള്ളവര്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങളാലപിച്ചു. വെല്‍നസ് പ്രോഗ്രാം സീനിയർ ട്ട കെയര്‍ സെന്റര്‍ ആയി വികസിപ്പിക്കുന്നതിനെപ്പറ്റിയുള്ള വീഡിയോയും അവതരിപ്പിച്ചു.

നവനീത് ഉണ്ണികൃഷ്ണന്റെ ഗാനമേള ആയിരുന്നു മുഖ്യ കലാപരിപാടി.

ഒട്ടേറെ പേർ എക്കോയുടെ ധനസമാഹാരണ പ്രോഗ്രാം കൂടിയായ ചടങ്ങിൽ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം മുതലാണ് “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്” നൽകാനാരംഭിച്ചത്. അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കാൻ ECHO പ്രത്യേക അവാർഡ് കമ്മറ്റി രൂപീകരിച്ചിരുന്നു. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ഇന്ത്യൻ-അമേരിക്കക്കാർക്കാണ് അവാർഡ് നൽകുക.

Author