എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം പി അനുശോചിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അനുശോചിച്ചു.

പദവികള്‍ ഇല്ലാതിരുന്നപ്പോഴും പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച, എക്കാലവും പാര്‍ട്ടിക്ക് വേണ്ടി മാത്രം നിലകൊണ്ട സഹപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടിലേറെയായി തലസ്ഥാനത്തെ കോണ്‍ഗ്രസ് മുഖമായിരുന്നു വി പ്രതാപചന്ദ്രന്‍ .

കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയി ട്രേഡ് യൂണിയന്‍ രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നിയമരംഗത്തും അധ്യാപന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് പ്രതാപചന്ദ്രന്‍ വിടപറഞ്ഞത്. ഏറെക്കാലം വീക്ഷണത്തിലും പിന്നീട് ട്രേഡ് യൂണിയന്‍ രംഗവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളില്‍ നിയമവിദഗ്ധന്റെ കുപ്പായമണിഞ്ഞും അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.

പദവികള്‍ എന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള തന്റെ നിതാന്തപരിശ്രമങ്ങളെ ഒരുകാലത്തും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള രാഷ്ട്രീയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ഒരു പദവി ലഭിക്കുന്നത്. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച കെ.പി.സി.സി ട്രഷറര്‍ സ്ഥാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ഊര്‍ജസ്വലമായി, പ്രായത്തെ വകവെയ്ക്കാതെ അഹോരാത്രം പ്രവര്‍ത്തിക്കവെയാണ് അകാലത്തില്‍ ഈ വിയോഗമുണ്ടായത്.

അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പ്രതാപചന്ദ്രന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വേണുഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave Comment