ഓൺലൈൻ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ നഴ്സിംഗ് കൗൺസിൽ അദാലത്ത്

Spread the love

നഴ്സിംഗ് കൗൺസിൽ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം: മന്ത്രി വീണാ ജോർജ്

നഴ്സിംഗ് കൗൺസിലിൽ ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രജിസ്ട്രേഷൻ, റിന്യൂവൽ, റെസിപ്രോകൽ രജിസ്ട്രേഷൻ തുടങ്ങിയവയ്ക്കു കാലതാമസമുണ്ടാകരുത്. 1953ലെ ആക്ടിൽ തന്നെ ചില ഭേദഗതി വരുത്തേണ്ടതുണ്ട്. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാൻ പറ്റുന്ന തരത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പിലാക്കും.ഇതിനുള്ള സോഫ്റ്റുവെയർ തയ്യാറാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിർദേശ പ്രകാരം സംസ്ഥാനത്ത് ആദ്യമായി കേരള നഴ്സസ് കൗൺസിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ സംസാരിക്കുകയായിരുന്നു.റിന്യൂവൽ, വെരിഫിക്കേഷൻ, റെസിപ്രോകൽ രജിസ്ട്രേഷൻ, അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ തുടങ്ങിയവയുൾപ്പെടെയുള്ള അപേക്ഷകളാണ് പോരായ്മകൾ കാരണം തീർപ്പാക്കാനുള്ളത്. ഇതിൽ ആദ്യഘട്ടമായി റിന്യൂവലിനുള്ള 315 അപേക്ഷകളാണ് നഴ്സിംഗ് കൗൺസിൽ തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇതുകൂടാതെ നഴ്സിംഗ് കൗൺസിലിൽ വിവിധ വിഭാഗങ്ങളിലായി ആകെ 2000ത്തോളം അപേക്ഷകളാണ് നിലവിലുള്ളത്. ഈ അപേക്ഷകൾ ഘട്ടം ഘട്ടമായി അദാലത്ത് നടത്തി പരിഹരിക്കാൻ മന്ത്രി നിർദേശം നൽകി.ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാന വിഭാഗമാണ് നഴ്സുമാർ. കേരളത്തിൽ പഠിച്ചിറങ്ങിയവർക്കും ഇവിടെ പ്രവർത്തി പരിചയമുള്ളവർക്കും ആഗോള തലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനാൽ അവരുടെ താത്പര്യങ്ങൾക്ക് കൗൺസിൽ പ്രാധാന്യം നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Author