നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മീഡിയസെൽ ഉദ്ഘാടനം ചെയ്തു

Spread the love

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മീഡിയ സെല്ലിന്റെ ഉദ്ഘാടനം പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സന്നിഹിതനായിരുന്നു. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ നിയമസഭ സെക്രട്ടറി എ എം ബഷീർ, മീഡിയ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ആർ എസ് ബാബു എന്നിവരും പങ്കെടുത്തു.

2023 ജനുവരി 9 മുതൽ 15 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ദേശീയ-അന്തർദേശീയ തലത്തിൽ പ്രശസ്തരായ എഴുത്തുകാർ പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് കലാസാംസ്‌കാരിക പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കും. വായനയാണ് ലഹരി എന്ന സന്ദേശമാണ് പുസ്‌കോത്സവം മുന്നോട്ടുവെക്കുന്നത്.