തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈക്ക്: മന്ത്രി

Spread the love

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്‌ട്രൈക്കാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അത്രയും പേർക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തണമായിരുന്നു. എന്നാൽ ആവശ്യമുള്ളതിൻറെ നാലിലൊന്നിൽ താഴെയായി വിഹിതം കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കുകയായിരുന്നു. അറുപതിനായിരം കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഈ ജനക്ഷേമപദ്ധതി ഇല്ലാതാക്കാൻ അധികാരമേറ്റനാൾ മുതൽ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ കുറേ വർഷങ്ങളായി അനാവശ്യ നിയന്ത്രണങ്ങളിലൂടെ പദ്ധതി അട്ടിമറിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് പാവങ്ങൾക്ക് ഉപജീവനത്തിന് ആശ്രയമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജീവിത പ്രതിസന്ധിയുടെയും ഉയരുന്ന തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തിൽ, വിഹിതം കൂട്ടി പദ്ധതി വിപുലമാക്കാനായിരുന്നു സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. രാജ്യത്തിൻറെ സമ്പത്തിൽ നാൽപത് ശതമാനവും കയ്യടക്കി വെച്ചിരിക്കുന്ന അതിസമ്പന്നർക്ക് മേൽ കൂടുതൽ നികുതി ചുമത്തുകയും, ഇങ്ങനെ ശേഖരിക്കുന്ന വിഭവങ്ങൾ പാവങ്ങളെ സഹായിക്കുന്ന തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളിൽ വിനിയോഗിക്കുകയായിരുന്നു വേണ്ടത്. മോദി സർക്കാരിൻറെ ഭരണ വർഗ താത്പര്യവും പാവങ്ങളോടുള്ള സമീപനവുമാണ് തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിലൂടെ കാണാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.