യുവജന കമ്മീഷന്‍ അദാലത്തില്‍ 10 പരാതികള്‍ തീര്‍പ്പാക്കി

Spread the love

ഇടുക്കി ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ ആകെ ലഭിച്ച 16 പരാതികളില്‍ പത്ത് പരാതികള്‍ പരിഹരിച്ചു. ആറ് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിയതായും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. പുതുതായി ലഭിച്ച പരാതികള്‍ തുടര്‍നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് കൈമാറി.

പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തട്ടിപ്പ് സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. ഭീമമായ തുക ആവശ്യപ്പെട്ട് വ്യാജ വിദേശ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കമ്മിഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളില്‍ വീഴാതെ യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വഞ്ചിക്കപ്പെട്ട യുവജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ടുവച്ചു. ഇത്തരം വ്യാജ സ്ഥാപനങ്ങളുടെ നടത്തിപ്പിനും പരസ്യ പ്രചരണത്തിനുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ശ്രദ്ധചെലുത്തും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം ലാപ്‌ടോപ്പ് ലഭ്യമാക്കുന്നില്ല എന്ന പരാതി പരിഹരിച്ച് ലാപ്‌ടോപ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്‍, തൊഴില്‍ മേളകള്‍, ട്രാന്‍സ് ജെന്‍ഡര്‍ അദാലത്ത്, ആരോഗ്യ ക്യാമ്പുകള്‍, അന്തര്‍ദേശിയ സെമിനാര്‍ എന്നിവ സമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെന്നും സമയബന്ധിതമായി പരാതികള്‍ പരിഹരിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും അധ്യക്ഷ അറിയിച്ചു.
ഇടുക്കി ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസ്, കെ. പി. പ്രമോഷ്, വി. വിനില്‍, പി. എ. സമദ്, റെനീഷ് മാത്യു, യുവജന കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ഓഫീസ് അസിസ്റ്റന്റ് അഭിഷേക് പി. എന്നിവര്‍ പങ്കെടുത്തു.

Author