കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിന് സമാപനം

Spread the love

ടൂറിസം ഫെസ്റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് എം എം മണി എംഎല്‍എ. സഹകരണ സംഗമവും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് ടൂറിസം ഫെസ്റ്റുകള്‍ പ്രയോജനം ചെയ്യും. ജനങ്ങള്‍ക്ക് തിരക്കുകള്‍ക്കിടയില്‍ വിനോദത്തിനുള്ള സൗകര്യം ഒരുക്കുക വഴി മനസ്സിന്റെ പിരിമുറക്കം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാല്‍വരിമൗണ്ട് ഫെസ്റ്റ് അതിന്റെ പ്രാധാന്യത്തോടെ ജനങ്ങള്‍ ഏറ്റെടുത്തുവെന്നും സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ടൂറിസം രംഗത്ത് ജില്ലക്ക് അനന്ത സാധ്യതകളാണുള്ളതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഫെസ്റ്റ് രക്ഷാധികാരിയും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ സി. വി വര്‍ഗീസ് പറഞ്ഞു. സഹകരണമേഖലയ്ക്ക് ടൂറിസം രംഗത്ത് ഒട്ടനവധി സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇത്തരം ടൂറിസം ഫെസ്റ്റുകള്‍ക്ക് സാധിക്കണമെന്നും സി. വി വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തി. നാടിന്റെ സവിശേഷതകള്‍ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാന്‍ പുരോഗമനപരമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉത്തരവാദിത്ത ടൂറിസം മികച്ച ഇടപെടലാണ്. നവീനവും ക്രിയാത്മകവുമായ ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനവും കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരവും ഇതുവഴി ലഭിക്കും. പ്രളയവും കോവിഡുമൊക്കെ പ്രതിസന്ധി തീര്‍ത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്നില്‍ നിന്നും നയിച്ചുവെന്നും കേരള മോഡലിന്റെ പിന്തുടര്‍ച്ചാവകാശികളാണ് നമ്മളെന്നും നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യാതിഥിയായി. സിനിമ, നാടക നടനായ പ്രമോദ് വെളിയനാട് വിശിഷ്ടാതിഥിയായി. ജയ ജയ ജയഹേ സിനിമ ടീം അംഗങ്ങളെയും ജില്ലയിലെ മികച്ച സഹകരണ സംഘങ്ങളെയും ചടങ്ങില്‍ ആദരിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡിന്റ് അനുമോള്‍ വിനേഷ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഫെസ്റ്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റോമിയോ സെബാസ്റ്റ്യന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളാമഠം, ചിഞ്ചുമോള്‍ ബിനോയ്, എം ജെ ജോണ്‍, ചെറിയാന്‍ കട്ടക്കയം, ഷേര്‍ലി ജോസഫ്, പ്രഹ്ലാദന്‍ വി എന്‍, അജയന്‍ എന്‍ ആര്‍, റീന സണ്ണി, ജിന്റു ബിനോയ്, സെബിന്‍ വര്‍ക്കി, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍, ഫാ. ബിനോയി പാലക്കുഴ സി എം ഐ, ഫെസ്റ്റ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോസഫ് കുര്യന്‍ ഏറമ്പടം, എന്‍ സി പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ താരങ്ങളായ സീതാലക്ഷ്മി, കൗഷിക്, മഞ്ച് സ്റ്റാര്‍ സിംഗറും ഇന്ത്യന്‍ വോയിസ് ജേതാവുമായ ആതിര മുരളി എന്നിവര്‍ നയിച്ച സംഗീത മെഗാഷോയും അരങ്ങേറി.