നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (02/02/2023)

Spread the love

ഭരണഘടനാപരമായ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ പ്രതിഫലനമാണ് നയപ്രഖ്യാപന പ്രസംഗം. എന്നാല്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്. അഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോള്‍ കേരളം എന്താകണമെന്നത് സംബന്ധിച്ച ധാരണ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിഫലിച്ചില്ല. സംസ്ഥാന നേരിടുന്ന ഏത് പ്രശ്‌നമാണ് ഈ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിഫലിച്ചത്. ഇന്നു വരെ കാണാത്തത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും തിരിച്ച് കയറാനുള്ള ഒരു സൂചനയും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നില്ല.

വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് വിദ്യാഭ്യാസ തൊഴില്‍ മേഖലകള്‍ കടന്നു പോകുന്നത്. ഗവര്‍ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ സര്‍വകലാശാലകള്‍ അനിശ്ചിതത്വത്തിലായി. എപ്പോഴാണ് സ്ഥാനം തെറിക്കുന്നതെന്ന് അറിയാതെ വി.സിമാരുടെ കസേരകള്‍ തൂങ്ങിയാടുകയാണ്. നമ്മുടെ കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം നല്‍കുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാനാകാത്ത സാഹചര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ന്ന് തരിപ്പണമായി. കാര്‍ഷിക മേഖലയും തകര്‍ന്ന് തരിപ്പണമായി. നെല്ല് സംഭരിച്ചതിന്റെ പണം പോലും നല്‍കിയിട്ടില്ല. കാര്‍ഷിക മേഖലയിലും ഇത്രയധികം പ്രതിസന്ധിയുണ്ടായ കാലഘട്ടമുണ്ടായിട്ടില്ല. ധനപ്രതിസന്ധിയുടെ പ്രധാന കാരണവും കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ചയാണ്. കര്‍ഷകര്‍ കടക്കെണിയിലാണ്. ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. ഇതൊക്കെ നിങ്ങള്‍ അറിയുന്നുണ്ടോ? ജപ്തി നോട്ടീസ് പോക്കറ്റില്‍ ഇല്ലാത്ത ഏതെങ്കിലും ഒരു സാധാരണക്കാരനെ നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനാകുമോ? പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാനാകാത്ത അവസ്ഥയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും. മുകളില്‍ കാണുന്ന തിളക്കം കണ്ടല്ല കേരളത്തെ വിലയിരുത്തേണ്ടത്. എല്ലാ മേഖലകളിലും സങ്കടങ്ങളാണ്. തീരദേശ, കാര്‍ഷിക, പട്ടികജാതി പട്ടികവര്‍ഗം മേഖലകളില്‍ നിന്നും നിലവിളികളാണ് ഉയരുന്നത്. അതിനെക്കുറിച്ചൊന്നും നയപ്രഖ്യാപന പ്രസംഗത്തിലില്ല.

കേരളം ഗുണ്ടകളുടെ പറുദീസയാണ്. തിരുവനന്തപുരം നഗരം സാമൂഹിക വിരുദ്ധരുടെ കയ്യില്ലേ? മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ തലകീഴായി ഗുണ്ടകള്‍ കിണറ്റിലിട്ടു. ഗുണ്ടകള്‍ക്കൊപ്പം ലഹരി മാഫിയയും പെരുകുകയാണ്. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ എന്താണ് ചെയ്തത്? എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ ഇ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളാക്കി മാറ്റിയെന്നാണ് നയപ്രഖ്യാപനത്തില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. ഇത്രയധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന കാലഘട്ടം കേരളത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ക്രിമിനലുകള്‍ ജയിലുകളില്‍ അഴിഞ്ഞാടുകയും കൊട്ടേഷന്‍ സംഘങ്ങളുമായി ജയിലില്‍ വച്ച് കരാര്‍ ഉറപ്പിക്കുകയും സ്വര്‍ണക്കടത്തിനും മയക്ക്മരുന്ന് കടത്തും നടത്തുമ്പഴാണ് കേരളത്തിലെ ജയിലുകളില്‍ സാന്‍മാര്‍ഗീകരണം നടത്തിയെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നത്. ജയിലുകള്‍ കേന്ദ്രീകരിച്ച് ഇത്രയധികം കുറ്റകൃത്യങ്ങള്‍ നടന്ന കാലഘട്ടം സംസ്ഥാനത്തുണ്ടായിട്ടില്ല.

നീക്കി വച്ച തുകയുടെ മൂന്ന് ശതാമനാം മാത്രം ചെലവഴിച്ചിട്ടും റീ ബില്‍ഡ് കേരളയെ കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ വീണ്ടും പറയാന്‍ വല്ലാത്ത തൊലിക്കട്ടി വേണം. ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും അത് കേന്ദ്രത്തിനുള്ള താക്കീതാണെന്നുമാണ് പറയുന്നത്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്ത് തീതുപ്പുന്ന നയപ്രഖ്യാപന പ്രസംഗങ്ങളായിരുന്നു അന്ന് അധികാരത്തിലുണ്ടായിരുന്ന ഇടത് സര്‍ക്കാരിന്റെ കാലത്ത് നടത്തിയിരുന്നത്. അന്ന് കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാരെക്കൊണ്ട് അതൊക്കെ വായിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പിക്കെതിരായ സമീപനം മൃദുവാണ്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സന്ധി ചെയ്തപ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഷ മാറിപ്പോയത്. നിങ്ങള്‍ തമ്മില്‍ എന്നും കൂട്ടാണെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്ന് പറഞ്ഞയാളെ വീണ്ടും മന്ത്രിയാക്കിയവരാണ് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നത്. വിദേശത്ത് നിന്ന് കൊണ്ടുവന്നതാണ് ഭരണഘടനയെന്ന് പറഞ്ഞ മാന്യന്‍ മന്ത്രിസഭയില്‍ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചത്.

Author