ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും എന്തിന് വേട്ടയാടുന്നു – ജെയിംസ് കൂടല്‍

Spread the love

ഭാരതം കണ്ട മുഖ്യമന്ത്രിമാരിൽ ഏറെ ജനപ്രീയനും സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയുമായ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ രോഗാവസ്ഥയിൽ പോലും രാഷ്ട്രീയ പ്രതിയോഗികൾ ചമച്ചുവിടുന്ന കുരമ്പുകൾ ആരെയും വേദനിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചില ഓണലൈൻ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്ന ക്രൂര മനസുകളെ പൊതുസമൂഹം അടുത്തുകണ്ടു. ചികിത്സയുമായി ബന്ധപ്പെട്ട് കല്ലുവച്ച നുണകളാണ് ഇപ്പോൾ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാതെ അദ്ദേഹത്തിനെ പ്രാർത്ഥനയിലൂടെ സുഖപ്പെടുത്താനാണ് കുടുംബാംഗങ്ങൾ ശ്രമിക്കുന്നത് എന്ന തരത്തിലാണ് വ്യാജ വാർത്തകൾ ചമയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയേയും കുടുംബാംഗങ്ങളെയും പ്രതിസ്ഥാനത്താക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണം എന്നത് ആർക്കും വ്യക്തമാകുന്ന കാര്യമാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും മുഖ്യമന്ത്രിയായി അതിവേഗം ബഹുദൂരം പിന്നിട്ട കളങ്കമില്ലാത്ത ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തെ ഇപ്പോഴും പ്രതിയോഗികൾ ഭയപ്പെടുന്നുവെന്നതിന് തെളിവാണ് ഇത്തരം ആരോപണങ്ങൾ എന്നുവേണം കരുതാൻ.

ബംഗളൂരുവിൽ അദ്ദേഹത്തിന് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിച്ചുവെന്നും ഭാര്യയും മക്കളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകാതെ പ്രാർത്ഥനയും മറ്റുമായി മുന്നോട്ടുപോകുകയാണെന്നുമുള്ള രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.

ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം ജനുവരി ഒന്നിനാണ് ഉമ്മൻചാണ്ടി കേരളത്തിലെത്തിയത്. തൊണ്ടയിലായിരുന്നു രോഗബാധ. ജർമ്മനിയിലെ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തിന് ലേസർ ചികിത്സ നടത്തിയിരുന്നു. ചികിത്സ വളരെ ഫലപ്രദമായിരുന്നു. പൂർണ്ണ വിശ്രമത്തിലാദ്ദേഹം. ആരെയും സന്ദർശനത്തിനായി കുടുംബം അനുവദിക്കുന്നില്ലെന്നും മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നു. ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്‌സ് വി ചാണ്ടിയും മികച്ച

ചികിത്സ ലഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിച്ചതായി എന്നുള്ള വാർത്തകളും ചില മാധ്യമങ്ങൾ നൽകുന്നുണ്ട്.
ഭാരത് ജോഡോ യാത്രയിലൂടെ രാജ്യമാകെ ജനമനസിൽ ഇടംനേടിയ കോൺഗ്രസിനെ അവമതിപ്പിലൂടെ തരംതാഴ്ത്താനും ഉമ്മൻ ചാണ്ടിയുടെ രോഗാവസ്ഥയെ ചിലർ ഉപയോഗപ്പെടുത്തുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സോളാർ കേസിൽ ഉൾപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അതിജീവിച്ച പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ മനസാന്നിദ്ധ്യം ഇനിയും തകർന്നടിഞ്ഞിട്ടില്ലായെന്ന് ഈ രോഗകിടക്കയിൽ കിടന്നും അദേഹം തെളിയിക്കുമ്പോൾ കോൺഗ്രസ് പാർട്ടി പിന്തുയേകേണ്ടതുണ്ട്. പാർട്ടി നേതൃത്വം ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ അവസ്ഥ പൊതുജനത്തിന് മുന്നിൽ തുറന്നുകാട്ടണം. ചികിത്സ ക്രമീകരണങ്ങളെ കുറിച്ച് വ്യക്തമാക്കിയാൽ പൊതുജനത്തിനുള്ള ആശങ്കകൾ പരിഹരിക്കാനാകും. കെ.പി.സി.സി നേതൃത്വം ഈ കാര്യത്തിൽ ഇടപെടീൽ നടത്തേണ്ടത് അനിവാര്യമാണ്. അടിസ്ഥാന രഹിതമായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമാക്കി ഇന്നലെ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്തുവന്നതോടെ എതിരാളികളുടെ വാ അടപ്പിക്കാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെക്കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്നത് വാസ്തവ വിരുദ്ധമായ വാർത്തകളാണെന്നും ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബെംളൂരിൽ ഡോ.വിശാൽ വിഷ്ണുവിന്റെ നേതൃത്വത്തിലുളള ചികിത്സയാണ് ഇപ്പോൾ തുടരുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. അടുത്ത പരിശോധനയ്ക്കായി ബെംഗളൂരുവിലേക്ക് പോകാൻ തയാറെടുക്കുകയാണെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് ചില മാധ്യങ്ങൾ നൽകിയ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..

ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബാംഗ്ലൂരിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മരുന്നും, ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും, സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സ രീതിയാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിൽ തന്നെയാണ്. ഡിസംബർ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരിൽ എത്തുകയും, കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടയാണ് ഞാൻ നാട്ടിൽ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.

അടുത്ത റിവ്യൂന് സമയമായിട്ടുണ്ട്. വീട്ടിൽ കാര്യങ്ങൾ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

ജെയിംസ് കൂടല്‍
ചെയർമാൻ
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
യു എസ് എ

 

Author