ഇന്ന് എഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് പിറന്നാൾ ആശംസകൾ

ന്യൂയോക്ക്: ഇന്ന് എഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ 22 – മത് മെത്രാപ്പോലീത്താ ഡോ.തിയഡോഷ്യസ് മാർത്തോമ്മായ്ക്ക് പിറന്നാൾ ആശംസകൾ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രസനാധിപൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലിക്സിനോസ്, ഭദ്രാസനത്തിലെ വൈദീകർ, ആത്മായ നേതാക്കൾ, കൗൺസിൽ അംഗങ്ങൾ, ഭദ്രാസന ചുമതലക്കാർ എന്നിവർ അറിയിച്ചു.

കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയിൽ കിഴക്കേചക്കാലയിൽ ഡോ.കെ.ജെ ചാക്കോയുടെയും, മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 19 ന് ജനിച്ച ഡോ.തിയഡോഷ്യസ് മാർത്തോമ്മ 1973 ഫെബ്രുവരി 24 ന് സഭയിലെ വൈദികനായി.1989 ഡിസംബർ 9 ന് സഭയിലെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് എപ്പിസ്കോപ്പയായി.

സഭയുടെ കുന്നംകുളം – മലബാർ, തിരുവനന്തപുരം – കൊല്ലം, ചെന്നൈ – ബാംഗ്ളൂർ, മലേഷ്യ- സിംഗപ്പൂർ – ഓസ്ടേലിയ, നോർത്ത് അമേരിക്ക – യൂറോപ്പ്, മുംബൈ, റാന്നി – നിലക്കൽ തുടങ്ങിയ ഭദ്രാസനങ്ങളിൽ ഭദ്രാസനാധിപൻ ആയി സേവനം അനുഷ്ഠിച്ചു. 2020 ജൂലൈ 12 ന് സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തായായി. 2020 നവംബർ 14 ന് മാർത്തോമ്മ സഭയുടെ 22-മത് മെത്രാപോലീത്തായായി ചുമതലയേറ്റു.

കോട്ടയം എംറ്റി സെമിനാരി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും,കോട്ടയം ബസേലിയോസ് , തിരുവല്ലാ മാർത്തോമ്മ എന്നീ കോളേജുകളിലെ വിദ്യാഭ്യാസത്തിനു ശേഷം ജബൽപൂർ ലിയോനാർഡ് തിയോളജിക്കൽ കോളേജിൽ നിന്ന് വൈദീക വിദ്യാഭ്യാസവും, ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് മതങ്ങളുടെ താരതമ്യ പഠനത്തിൽ മാസ്റ്റേഴ്സും, കാനഡയിലെ മക് മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് സമൂഹ നവോത്‌ഥാനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പഠനത്തിന് ഡോക്ടറേറ്റും സമ്പാദിച്ചു.

ഡോ.തിയഡോഷ്യസ് മാർത്തോമ്മ വൈദീക ശുശ്രുഷയിലേക്ക് പ്രവേശിച്ചിട്ട് 50 വർഷം ഫെബ്രുവരി 24 ന് പൂർത്തീകരിക്കും. ജന്മദിനത്തോട് അനുബന്ധിച്ച് മാരാമൺ മാർത്തോമ്മ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ബിഷപ് ഡോ. മാർ ഫിലിക്സിനോസ്, ബിഷപ് ഡോ. മാർ സ്തേഫാനോസ് എന്നിവർ സഹ കാർമ്മികരായിരിക്കും.

ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെയും, കർമ്മനിരതമായ പ്രവർത്തനരീതിയിലൂടെയും സഭയെ നയിക്കുന്ന ധന്യവും ചൈതന്യവക്തായ വ്യക്തിപ്രഭാവവും, ശാന്തസുന്ദരമായ പെരുമാറ്റവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയായ മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെയും , അമേരിക്കയിലെ വിവിധ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളുടെയും, എക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെയും ജന്മദിനാശംസകൾ  അറിയിച്ചു.

Report :  Shaji Ramapuram

 

Leave Comment