കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമിൽ മാധ്യമങ്ങളോട് പറഞ്ഞത്

തിരുവനന്തപുരം : കേരളത്തിൽ ബി.ജെ.പിക്ക് ഒരു സ്ഥാനവും ഇല്ല. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനായി സി.പി.എം കേരളത്തിൽ ബി.ജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ്. കേരളത്തിലെ സി.പി.എമ്മും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അതുകൊണ്ടാണ് സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷൻ കോഴ കേസിലും അന്വേഷണം മുന്നോട്ട് പോകാത്തത്.

ലൈഫ് മിഷനിൽ കള്ളപ്പണം വെളുപ്പിക്കൽ മാത്രമെ ഇ.ഡിക്ക് അന്വേഷിക്കാൻ സാധിക്കൂ. കോഴ ആർക്കൊക്കെ കിട്ടിയെന്നും ആരൊക്കെ ഗൂഡാലോചന നടത്തിയെന്നുമാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യങ്ങൾ സി.ബി.ഐക്ക് മാത്രമെ അന്വേഷിക്കാനാകൂ. സി.ബി.ഐ അന്വേഷണം പാടില്ലെന്ന് കോടതിയും പറഞ്ഞിട്ടില്ല. എന്നിട്ടും മൂന്ന് വർഷമായി സി.ബി.ഐ ഒരു അന്വേഷണവും നടത്തുന്നില്ല. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, ലാവലിൻ കേസുകളിൽ സി.പി.എം ബി.ജെ.പിയുമായി ധാരണയിൽ എത്തിയിരിക്കുകയാണ്. അതിന് പകരമായി കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കി. എല്ലാ തെളിവുകളും ഉണ്ടയിട്ടും ഒരു ബി.ജെ.പി നേതാവ് പോലും പ്രതിയായില്ല. ഏതെങ്കിലും ബി.ജെ.പി നേതാവിനെ തൊടാൻ സർക്കാരിന്റെ മുട്ട് വിറയ്ക്കും. അവർ പ്രതികളായാൽ പല സി.പി.എമ്മുകാരും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിലും പ്രതികളാകും. കൊടുക്കൽ വാങ്ങലുകളാണ് ഇരുവരും തമ്മിൽ നടക്കുന്നത്. ഈ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സി.പി.എം ബി.ജെ.പിക്ക് കേരളത്തിൽ ഇടമുണ്ടാക്കി കൊടുക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസും യു.ഡി.എഫും ബി.ജെ.പിയെ കേരളത്തിൽ കാല് കുത്താൻ അനുവദിക്കില്ല.

എക്കാലും കേന്ദ്രത്തിലെ ഭരണത്തിനൊപ്പം നിന്ന ചരിത്രമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിൽ എത്തിയത്. അല്ലാതെ അവരുടെ രാഷ്ട്രീയ വിജയമായി കാണാനാകില്ല.

Leave Comment