കേന്ദ്ര സംഗീത സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ ഐ. ആർ. എസുമായി അഭിമുഖം

കേന്ദ്ര സംഗീത സംഗീത നാടക അക്കാദമിയെ സ്വയം പര്യാപ്തവും ജനകീയവുമാക്കും: അനീഷ് പി. രാജൻ

1990കളുടെ അവസാനവും 2000ന്റെ തുടക്കത്തിലും കേരളത്തിലെ കലാലയങ്ങളെ കോരിത്തരിപ്പിച്ചിരുന്നൊരു പ്രസംഗകൻ തേവര എസ്. എച്ച്. കോളേജിലുണ്ടായിരുന്നു. പ്രശസ്തമായ ബോബി പോൾ പ്രസംഗ പ്രതിഭ പുരസ്കാരമുൾപ്പെടെ നേടി പ്രസംഗ മത്സര വേദികളെ കീഴടക്കിയ ആ കൊച്ചു പയ്യൻ പിന്നീട് ഇന്ത്യൻ സിവിൽ സർവ്വീസിലെത്തി. 2008ൽ ഇന്ത്യൻ റവന്യു സർവ്വീസിൽ ഉദ്യോഗസ്ഥനായ അനീഷ് പി. രാജൻ ഇപ്പോൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ രാജ്യത്തെ കലാക്ഷേത്ര ഉൾപ്പെടെ ആറ് അക്കാദമികളുടെയും ചുമതലയുളള ഡയറക്ടറാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുതിയ പ്രവർത്തന പദ്ധതികളെക്കുറിച്ച് അനീഷ് പി. രാജൻ സംസാരിക്കുന്നു.

എന്താണ് അമൃത് യുവ കലോത്സവ്

കേന്ദ്ര സംഗീത നാടക അക്കാദമി വിഭാവനം ചെയ്യുന്ന യുവജന കേന്ദ്രീകൃത ഉത്സവമാണിത്. കേരളത്തിൽ നടക്കുന്ന പ്രഥമ അമൃത് യുവ കലോത്സവവുമാണ്. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടന്നു വരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 75 ദിവസങ്ങളിലെ കലാപ്രകടനങ്ങളാണ് കേന്ദ്ര സംഗീത നാടക അക്കാദമി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ചെന്നൈയിലാണ് പ്രഥമ അമൃത് യുവ കലോത്സവ് സംഘടിപ്പിച്ചത്. പിന്നീട് ഇംഫാൽ, ഭോപ്പാൽ, ജമ്മു, മുംബൈ, ഉഡുപ്പി, ഡൽഹി എന്നിവിടങ്ങളിൽ നടന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന നൃത്ത-സംഗീത-നാടക കലകളെ ആസ്വദിക്കുവാൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം കൊടുക്കുവാനാണ് അക്കാദമി ഈ കലോത്സവത്തിലൂടെ ഉദ്ദേശിക്കുന്നത്. 2019, 2020, 2021 വർഷങ്ങളിൽ ബിസ്മില്ല ഖാൻ യുവ അവാർഡുകൾക്ക് അർഹരായ 102 യുവ കലാപ്രതിഭകളുടെ പ്രകടനങ്ങളാണ് 75 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാൻ ഡോ. സന്ധ്യ പുരേച്ചയാണ് അമൃത് കലോത്സവ് വിഭാവനം ചെയ്തിരിക്കുന്നത്.

 

ബിസ്മില്ല ഖാൻ യുവ അവാർഡിനെപ്പറ്റി?

യുവാക്കൾ രാജ്യത്തിന്റെ ഊർജ്ജമാണ്. രാജ്യത്തിന്റെ ഭാവി യുവാക്കളിലാണ്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2006 മുതൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡാണിത്. ഭാരതം അതിന്റെ അമൃത്കാലത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തിന്റെ അടിത്തറയിൽ രാജ്യത്തിന്റെ ഭാവി വെട്ടിപ്പടുക്കുന്നതിനാൽ, യുവാക്കളുടെ ഇന്ത്യൻ പ്രകടന കലകളോടുളള താല്പര്യം പുനഃരുജ്ജീവിപ്പിക്കാനുളള അക്കാദമിയുടെ അതുല്യമായ ശ്രമമാണ് ബിസ്മില്ല ഖാൻ യുവ അവാർഡുകൾ.

അക്കാദമി എങ്ങനെയാണ് ജനങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്?

കേന്ദ്രസംഗീത സംഗീത നാടക അക്കാദമിയുടെ ഫെസ്റ്റിവലുകൾ നാളിതുവരെ ഡൽഹി കേന്ദ്രീകൃതമായിരുന്നു. അതിന് ഒരു മാറ്റം വരുത്തുകയാണ് ഞങ്ങൾ ഇപ്പോൾ ചെയ്തിരിക്കുന്നത്. അക്കാദമിയുടെ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നതിനുളള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അക്കാദമിയുടെ പ്രധാന പദ്ധതികൾ?

ജ്യോതിർഗമയ, ഫെലോഷിപ്പുകൾ, ഗ്രാന്റുകൾ, ദേശീയ അവാർഡുകൾ എന്നിങ്ങനെ നിരവധി പദ്ധതികൾ അക്കാദമിയുടേതായുണ്ട്. 75 വയസ് കഴിഞ്ഞ കലാകാരരെ ആദരിക്കുന്ന അമ‍ൃത് അവാർഡ് വ്യത്യസ്തമായ ഒരു പദ്ധതിയാണ്. സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പുകൾ ആകെ 40 എണ്ണമേയുളളൂ. ജീവിച്ചിരിക്കുന്ന 40 കലാകാരർക്കാണിത് നൽകുക. അറിയപ്പെടാതെയുളള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള സംഗീത, നൃത്ത, നാടക കലാകാരരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് അക്കാദമിയുടെ മറ്റൊരു പ്രധാന പദ്ധതി.

അക്കാദമിയുടെ ഭാവി പദ്ധതികൾ?

ഞാൻ 2022 ജൂണിലാണ് അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റത്. അക്കാദമിയെ സ്വയംപര്യാപ്തവും ജനകീയവുമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കലയും സംസ്കാരവും രാജ്യത്തെ സ്കൂൾ -കോളേജ്-സർവ്വകലാശാല തലങ്ങളിലെല്ലാം നിർബന്ധിതമായും പാഠ്യപദ്ധതിയുടെയും മൂല്യനിർണയത്തിന്റെയും ഭാഗമാക്കണമെന്നാണ് അക്കാദമിയുടെ കാഴ്ചപ്പാട്. അതിനായുളള ശ്രമത്തിലാണ് ഞങ്ങൾ. രാജ്യത്തെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം കൾച്ചർ പെർഫോമിംഗ് സ്പേസ് ഉണ്ടാക്കും. അക്കാദമിയ്ക് മുപ്പതിനായിരം മണിക്കൂറുളള ഓഡിയോ – വീഡിയോ റെപ്പോസിറ്ററിയുണ്ട്. ഇത് ഡിജിറ്റലൈസ് ചെയ്യുകയെന്നതും അക്കാദമിയുടെ ഒരു പ്രധാന ലക്ഷ്യമാണ്.

ശ്രീ അനീഷ് പി. രാജന്റെ ഫോട്ടോ കൂടെ ചേർത്തിരിക്കുന്നു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Leave Comment