ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്ത് കുടിവെള്ള വിതരണം സുഗമമാക്കും

പശ്ചിമകൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറക്കും.

കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിയിലും സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കുടിവെള്ളമെത്തിക്കുന്നതിനും വിതരണം സുഗമമാക്കുന്നതിനും നടപടി. നിലവില്‍ ടാങ്കർ ലോറികളിൽ കൂടി വെള്ളം എത്തിക്കുന്നുണ്ട് എങ്കിലും ചില ഇടങ്ങളിൽ വലിയ ടാങ്കറുകൾക്ക് കടന്നുചെല്ലാനാവാത്തതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ കുടിവെള്ള വിതരണം അപര്യാപ്തമായ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ എറണാകുളം, മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 65 പ്രകാരമാണ് ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉത്തരവിട്ടിരിക്കുന്നത്. ചെറിയ ടാങ്കറുകളുടെ അഭാവത്തെ തുടര്‍ന്ന് ഇടറോഡുകളില്‍ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
ടാങ്കറുകള്‍ പിടിച്ചെടുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ പോലീസ് നല്‍കും. പിടിച്ചെടുക്കുന്ന ടാങ്കറുകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. ഏറ്റെടുക്കുന്ന വാഹനങ്ങള്‍ മരടിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിലെത്തിക്കും. വാഹനമെറ്റെടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന് ചുമതല നല്‍കും. ഇതിനായി പോലീസ് സഹായവും ലഭ്യമാക്കും. ഏറ്റെടുക്കുന്ന വാഹനവും ഡ്രൈവറും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്ന ദിവസം വരെ കുടിവെള്ള വിതരണത്തിനായി ഹാജരാകണം. അല്ലാത്തപക്ഷം ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കും. വാഹനത്തിന്റെ വാടക, ഡ്രൈവറുഡടെ വേതനം എന്നിവ വാട്ടര്‍ അതോറിറ്റി വഹിക്കും.

Leave Comment