രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനം : മന്ത്രി വീണാ ജോര്‍ജ്

Spread the love

ഏപ്രില്‍ 7 ലോകാരോഗ്യ ദിനം.

തിരുവനന്തപുരം: രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. സാന്ത്വന പരിചരണം ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാക്കി ഏറ്റവും ദുരിതാനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഒരേ രീതിയില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. സൗജന്യ ചികിത്സയ്ക്ക് പുറമേ ആരോഗ്യ ഇന്‍ഷുറന്‍സ്, വിവിധ ആരോഗ്യ പദ്ധതികള്‍ എന്നിവയും ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന് ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികം എന്ന പ്രത്യേകത കൂടിയുണ്ട്. ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡ് പോലെയുള്ള പലതരം വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. സാമ്പത്തികവും പ്രാദേശികവുമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ലാതെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുക എന്നതിന് ഈ സമയത്ത് വളരെ പ്രാധാന്യമുണ്ട്.

മഹാമാരികളോടൊപ്പം തന്നെ മനുഷ്യ ജീവന് ഏറെ അപകടമായിരിക്കുന്ന മറ്റൊരു വിപത്താണ് ജീവിതശൈലി രോഗങ്ങള്‍. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയം, വരള്‍ച്ച തുടങ്ങിയ പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ‘ഏകാരോഗ്യം’ എന്ന ആശയത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള സമയമാണിത്. മനുഷ്യന്റേയും പ്രകൃതിയുടേയും പക്ഷിമൃഗാദികളുടേയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ഏകാരോഗ്യം. രാജ്യത്തിന് മാതൃകയായി കേരളം അത് നടപ്പിലാക്കി വരുന്നു.

എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ ആരോഗ്യ പദ്ധതികളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജീവിതശൈലി രോഗ നിയന്ത്രണത്തിനും മാതൃശിശു വിഷയങ്ങളിലും പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടപ്പിലാക്കി. പത്ത് മാസങ്ങള്‍ കൊണ്ട് 30 വയസിന് മുകളിലുള്ള 1.06 കോടിയിലധികം പേരെ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വിളര്‍ച്ച മുക്ത കേരളത്തിനായി വിവ കേരളം കാമ്പയിനും സംഘടിപ്പിച്ചുവരുന്നു. ഇതുകൂടാതെ സബ്‌സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

Author