മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അതിദരിദ്രരെയുംദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കും: മുഖ്യമന്ത്രി

Spread the love

ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉടന്‍ നടപ്പിലാക്കേണ്ടവ, ഹ്രസ്വകാലത്തില്‍ പൂര്‍ത്തിയാക്കേണ്ടവ, ദീര്‍ഘകാലത്തിനുള്ളില്‍ ഉറപ്പാക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഏറെ വേഗത്തില്‍ നടപ്പാക്കേണ്ട ഒന്നായിരുന്നു കൈവശാവകാശ രേഖകള്‍ ലഭ്യമാക്കല്‍. അതിന്റെ ഭാഗമായാണ് അവകാശം അതിവേഗം എന്ന പേരില്‍ ഓരോ കുടുംബത്തിനും അര്‍ഹമായ അവകാശ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 2,553 കുടുംബങ്ങള്‍ക്ക് ഇതുവഴി റേഷന്‍ കാര്‍ഡും 3,125 പേര്‍ക്ക് ആധാര്‍ കാര്‍ഡും 3,174 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കി. അതിദരിദ്രരില്‍പ്പെട്ട 887 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു. 1,281 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും 777 പേര്‍ക്ക് ബാങ്ക് അക്കൗണ്ടും 1,174 പേര്‍ക്ക് തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡും ലഭ്യമാക്കി.

മൂന്ന് പേര്‍ക്ക് ട്രാന്‍സ്ജന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. 198 പേര്‍ക്ക് പാചകവാതക കണക്ഷനും 118 പേര്‍ക്ക് വൈദ്യുതി കണക്ഷനും നല്‍കി. 45 പേര്‍ക്ക് പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റും നല്‍കി. 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. 391 പേരെ കുടുംബശ്രീയുടെ ഭാഗമാക്കി.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രവര്‍ത്തനം, വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നതാണ്. അങ്ങനെ ആകെ 11,340 അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് പുതുതായി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

2020 ലെ ലൈഫ് പട്ടികയില്‍ വീട് മാത്രം ആവശ്യമുള്ള 2,672 അതിദരിദ്രരും വസ്തുവും വീടും ആവശ്യമുള്ള 1,482 അതിദരിദ്രരും ഉള്‍പ്പെട്ടിരുന്നു. ഭക്ഷണം ആവശ്യമുള്ളവരും എന്നാല്‍ പാചകം ചെയ്തു കഴിക്കാന്‍ സാഹചര്യമില്ലാത്തവരുമായ അതിദരിദ്ര കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യ കിറ്റും നല്‍കുന്നുണ്ട്. ജനകീയ ഹോട്ടല്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ സംയോജിപ്പിച്ചാണ് ഭക്ഷണ വിതരണം നടക്കുന്നത്.

മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള കാലയളവുകൊണ്ട് ചെയ്യാവുന്ന പദ്ധതികളാണ് ഹ്രസ്വകാല പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പഠനസൗകര്യങ്ങള്‍ ഒരുക്കല്‍, സ്ഥിരമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ മുതലയായവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളാണ് ദീര്‍ഘകാല സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, പുനരധിവാസം, വരുമാനം തുടങ്ങിയവയ്ക്ക് മുഖ്യ പരിഗണന നല്‍കിക്കൊണ്ടുള്ള മൈക്രോ പ്ലാനുകളുടെ നിര്‍വഹണപ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനതലങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.

അതിദരിദ്ര പട്ടികയിലുള്‍പ്പെട്ട 301 എയ്ഡ്സ് രോഗികള്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വഴിയാണ് നല്‍കിവരുന്നത്. പല ബഹുജന – സര്‍വീസ് – സാമൂഹ്യ സംഘടനകളും അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് മുന്നോട്ടുവന്നിട്ടുണ്ട്. ഇവരെ കൂട്ടിയോജിപ്പിച്ച് ഏകോപനത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി ഒരു വെബ് പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിദരിദ്രരായ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയും. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. അങ്ങനെ നേരിട്ടുള്ള ഇടപെടലുകള്‍ മുതല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരെ ഏറ്റെടുത്തുകൊണ്ട് വളരെ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സര്‍ക്കാര്‍ നടത്തുന്നത്.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അതിദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുകയുള്ളു. അതേസമയംതന്നെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിനു വേണ്ടി മാത്രമല്ല എന്ന കാര്യവും നമ്മള്‍ മനസിലാക്കണം. ഇപ്പോള്‍ പട്ടികയിലുള്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കി എന്ന് നമുക്ക് അവകാശപ്പെടാനാവില്ല. കാരണം, ആകസ്മികമായി ദാരിദ്ര്യത്തിലേക്കു തള്ളിവിടപ്പെടുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് തങ്ങള്‍ അകപ്പെടുന്ന പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുക എന്നതും പ്രധാനമാണ്. ഇതിനായി നിരന്തരമായ ഇടപെടലുകളും സാമൂഹ്യ നവീകരണവും ഏറെ അനിവാര്യമാണ്. അതൊരുക്കുക കൂടി ചെയ്തുകൊണ്ടുവേണം നാം മുന്നോട്ടുപോകേണ്ടത്.

ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അത് കേരളമാണെന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. ഈ പദ്ധതിയുടെ 60 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല. ഇക്കാര്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അത് നവകേരള നിര്‍മിതിയിലേക്കുള്ള ചുവടുവയ്പ്പായി മാറുകയും ചെയ്യും.
2021 ല്‍ നീതി ആയോഗ് തയാറാക്കിയ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം ദരിദ്രരാണ്. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. അതൊരു ചെറിയ സംഖ്യ ആയതുകൊണ്ട് നിര്‍മാര്‍ജനം അത്ര പ്രാധാന്യത്തോടെ കാണേണ്ടതല്ല എന്നതല്ല സര്‍ക്കാര്‍ നിലപാട്. മറിച്ച്, ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം.

കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് നിത്യവരുമാനം ഉറപ്പാക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ്. അതിനെല്ലാമൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ കുടുംബത്തിനും എത്തിച്ചേരാനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മൂന്നര ലക്ഷത്തോളം ഭവനങ്ങള്‍ ഇതിനോടകം ലൈഫ് പദ്ധതിയിലൂടെ ലഭ്യമാക്കിക്കഴിഞ്ഞു. എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കിവരികയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയും നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തിയും കേരളത്തിലെ ആരോഗ്യമേഖലയുടെ മുഖച്ഛായ തന്നെ മാറ്റുകയാണ്.
ദരിദ്രരായ ആളുകള്‍ക്ക് അപ്രാപ്യമായ ചിലതുണ്ട്. ഉദാഹരണത്തിന് ഇന്നത്തെ വിപണി നിരക്കു നല്‍കി ആരോഗ്യ ഇന്‍ഷുറന്‍സ് കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെങ്കില്‍ അത് ജീവിതത്തിന്റെ ഉന്നമനത്തിന് ഒരു പിന്തുണയാവുകയും ചെയ്യും. അപ്പോള്‍ അത്തരം മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. അതുകൊണ്ടാണ് 43 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,630 കോടി രൂപയാണ് കാരുണ്യ ഇന്‍ഷുറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ആറര ലക്ഷത്തോളമാളുകള്‍ക്ക് ഇതിലൂടെ ചികിത്സാ സഹായം ലഭ്യമാവുകയും ചെയ്തു.

കാല്‍ നൂറ്റാണ്ടിനു മുമ്പ് കുടുംബശ്രീ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുമ്പോള്‍ പലരും ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഉത്പാദന – വിപണന മേഖലകളില്‍ സ്ത്രീകള്‍ക്ക് മാത്രമായി മുന്നേറാന്‍ കഴിയുമോ എന്നതായിരുന്നു പലരുടെയും സംശയം. കുടുംബശ്രീ 25 വര്‍ഷം പിന്നിടുമ്പോള്‍ ആ സംശയങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്നു തെളിഞ്ഞിരിക്കുക മാത്രമല്ല, കുടുംബശ്രീ ഇന്നു ലോകത്തിനാകെ മാതൃകയായിത്തീരുകയും ചെയ്തിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ള 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോ പ്ലാനുകളുടെ രൂപീകരണവും ഈ കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നല്‍കുന്നതിനായി ആവിഷ്‌ക്കരിച്ച അവകാശം അതിവേഗം പരിപാടിയും പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു.

തദ്ദേശ സ്വയം ഭരണ, ഏക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്രര്‍ക്കുള്ള റേഷന്‍കാര്‍ഡ് വിതരണം ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് അതിദരിദ്രര്‍ക്കുള്ള ആരോഗ്യഉപകരണ വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം നിര്‍വഹിച്ചു.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു, ജനീഷ്‌കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, വിവിധ തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *