സംസ്ഥാനത്തെ കോളനികളിലെ പട്ടയങ്ങൾ നൽകുന്നതിന് പ്രത്യേക മിഷൻ രൂപീകരിക്കാൻ സർക്കാർ

Spread the love

പട്ടയ ഡാഷ് ബോർഡ് അദാലത്ത് നാല് ജില്ലകളിൽ പൂർത്തിയായി: മന്ത്രി കെ. രാജൻപട്ടയ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ അദാലത്തുകൾ നാല് ജില്ലകളിൽ പൂർത്തിയായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് അദാലത്ത് പൂർത്തിയായത്. നിയമസഭാ സാമാജികരുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഓരോ നിയമസഭാ നിയോജക മണ്ഡലങ്ങളിലും ചേർന്ന പട്ടയ അസംബ്ലിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ തുടർനടപടികളുടെ ഭാഗമായാണു പട്ടയ ഡാഷ്ബോർഡ് അദാലത്തുകൾ സംഘടിപ്പിച്ചത്. വിവിധ കാരണങ്ങളാൽ ഇതുവരെ പട്ടയം ലഭിക്കാത്തവരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് വില്ലേജ് തല ജനകീയ സമിതികളിൽ ഉന്നയിക്കപ്പെട്ട പരാതികളും അദാലത്തിൽ ഉൾപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ അദാലത്തുകളും ഓൺലൈനായി നടക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കടൽപുറമ്പോക്ക്, തോട്പുറമ്പോക്ക്, പുഴപുറമ്പോക്ക്, കുളംപുറമ്പോക്ക് തുടങ്ങിയ വിഷയങ്ങളും അദാലത്തിൽ പരിഹരിച്ചു വരികയാണ്. സംസ്ഥാനത്തെ കോളനികളിൽ പട്ടയം ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക മിഷൻ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിൽ 125 കോളനികളിൽ ഉയർന്നുവന്നിട്ടുള്ള പ്രശ്നങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കും. തുടർന്ന് എല്ലാ ജില്ലകളിലും മിഷൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.പട്ടയ മിഷന്റെ ഭാഗമായി എല്ലാ ജില്ലകളിലും പട്ടയം ലഭ്യമാക്കാനാവും വിധമാണ് പട്ടയ ഡാഷ് ബോർഡ് തയ്യാറാക്കിയിട്ടുള്ളത്. പട്ടയം ഡാഷ് ബോർഡിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ മന്ത്രിയുടെ സാന്നിധ്യത്തിൽ മുഴുവൻ ഉദ്യോഗസ്ഥരും ചേർന്നാണ് അദാലത്തിൽ പരിശോധിക്കുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥർ, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് റവന്യൂ വകുപ്പിൽ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരാണ് അദാലത്തിൽ വിഷയങ്ങൾ പരിഗണിക്കുന്നത്. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന അർഹരായവർക്ക് പട്ടയം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് മുഴുവൻ ഉദ്യോഗസ്ഥരെയും അദാലത്തിൽ പങ്കെടുപ്പിക്കുന്നത്. കേസുകളിൽ ഉടനടി പരിഹാരം നിർദ്ദേശിക്കുന്നതിന് നിയമവകുപ്പിലെ ഉദ്യോഗസ്ഥരെയും അദാലത്തിൽ പങ്കാളികളാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *