നാടിന്റെ വളർച്ചയുടെയും നേട്ടങ്ങളുടെയും ആവിഷ്‌കാരവുമായി 25 പ്രദർശനങ്ങൾ

Spread the love

കേരളത്തിന്റെ വളർച്ചയുടെയും നയങ്ങളുടെയും നേട്ടങ്ങളുടെയും സർഗാത്മകമായ ആവിഷ്‌കാരവുമായി ഇരുപത്തഞ്ച് ക്യൂറേറ്റഡ് പ്രദർശനങ്ങൾ കേരളീയം എക്സിബിഷന്റെ ഭാഗമായി വിവിധ വേദികളിൽ ഒരുങ്ങുന്നു. കേരളത്തിന്റെ പുരോഗമന നയങ്ങളും വികസനവും ലോകത്തിനു സമ്മാനിച്ച സുസ്ഥിരമാതൃകകളുടെ നേർ സാക്ഷ്യങ്ങൾ, വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും, സ്ത്രീ-ചരിത്രം, മാധ്യമങ്ങൾ, ഫോട്ടോഗ്രഫി, ദൃശ്യകലകൾ, ഐ.ടി-സ്റ്റാർട്ടപ്പ്, നൂതന-നൈപുണ്യ വികസനങ്ങൾ, വിനോദസഞ്ചാരം തുടങ്ങി 25 പ്രദർശനങ്ങളാണ് കേരളീയത്തിലെ 16 വേദികളിലായി ഒരുങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളീയത്തിലെ പ്രധാന ആകർഷണമായ എക്സിബിഷനുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളീയത്തിന്റെ മുഖ്യ തീമായ ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായ നാല് ഇൻസ്റ്റലേഷനുകളും പലവേദികളിലും ഉണ്ടാകും. വ്യാവസായിക വൈഭവവും അത്യാധുനിക സാങ്കേതികവിദ്യ, സുസ്ഥിര സമ്പ്രദായങ്ങൾ, ക്രിയാത്മകമായ കണ്ടുപിടുത്തങ്ങൾ എന്നിവയുടെ കേന്ദ്രമായി മാറുന്നതിലേക്കുള്ള സംസ്ഥാനത്തിന്റെ വളർച്ചയും ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ബിസ് കണക്ട്’ എന്ന പേരിലുള്ള വ്യവസായ പ്രദർശനം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
പുരോഗമന നയങ്ങളും വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളും സാമൂഹിക- സാമ്പത്തിക, അടിസ്ഥാനസൗകര്യ രംഗങ്ങളിലെ മികച്ച വികസനമാതൃകകളും ദൃശ്യമായും സംവേദനാത്മകമായും അവതരിപ്പിക്കുന്ന പ്രദർശനം ഒരുക്കുന്നത് സെൻട്രൽ സ്റ്റേഡിയത്തിലാണ്. കേരളത്തിലെ കരകൗശല ഗ്രാമങ്ങളുടെ മാതൃകയുടെ പ്രദർശനവും സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ കേരളം ലോകത്തിനു സമ്മാനിച്ച സുസ്ഥിര മാതൃകകളുടെ വീഡിയോ പ്രദർശനം റീൽസ് ഓഫ് ചെയ്ഞ്ച് എന്ന പേരിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. സാപിയൻസ് 2023 എന്ന പേരിൽ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും ഉയർത്തിക്കാട്ടുന്ന പ്രദർശനം യൂണിവേഴ്സിറ്റി കോളജിലും ഒരുക്കും. കേരള സ്ത്രീകളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും പരിവർത്തനത്തിന്റെയും ദൃശ്യ വിവരണവും സർക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങളുടെ ആവിഷ്‌കാരങ്ങളും അടങ്ങുന്ന ‘പെൺകാലങ്ങൾ’ എന്ന പ്രദർശനം അയ്യൻങ്കാളി ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *