കളമശ്ശേരി സംഭവം: സർക്കാർ സ്വീകരിച്ച നടപടികൾക്ക് സർവ്വകക്ഷി യോഗത്തിൽ പൂർണ പിന്തുണ

Spread the love

കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണ. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും സർക്കാരിന്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.
ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശ്ശേരി സംഭവത്തിൽ പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങളിൽ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നിൽ കണ്ട് ജാഗ്രത പുലർത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. കേരളത്തിന്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *