കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കാന്‍ ബിജെപി സിപിഎം സംഘടിത ശ്രമം : കെ.സുധാകരന്‍ എംപി

Spread the love

കേരളത്തിന്റെ മതേതര പാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും സംഘടിത നീക്കമാണ് നടത്തുന്നതെന്നും അതിന് തെളിവാണ് സിപിഎം പി.ബി അംഗം എ.വിജയരാഘവന്റെ പ്രസ്താവന ഏറ്റുപിടിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ നടത്തിയ വിദ്വേഷ പ്രസംഗമെന്ന് കെ.സുധാകരന്‍ എംപി.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികളാണെന്നും കേരളം മിനി പാകിസ്ഥാനാണെന്നും നിതേഷ് റാണെയ്ക്ക് പ്രംസഗിക്കാന്‍ അവസരം ഉണ്ടാക്കിയത് സിപിഎമ്മാണ്.റാണയുടെ പ്രസ്താവന പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.കേരളത്തെയും നമ്മുടെ മതേതര ബോധ്യത്തെയുമാണ് നിതേഷ് റാണെ അപമാനിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയ നിതേഷ് റാണെയെ തള്ളിപ്പറയാനും കേസെടുക്കാന്‍ ആവശ്യപ്പെടാനും കേരളത്തിലെ ബിജെപി നേതാക്കള്‍ തയ്യാറാകുമോയെന്നും കെ.സുധാകരന്‍ ചോദിച്ചു.

വര്‍ഗീയ പ്രചരണം ബിജെപിക്ക് പുതുമയല്ല. എന്നാലിപ്പോള്‍ എ.വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തെ തള്ളിപ്പറയാത്ത സിപിഎം നിലപാടാണ് റാണെയ്ക്ക് കേരളത്തെ അധിക്ഷേപിക്കാന്‍ പ്രചോദനമായത്.വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ വ്യത്യാസമില്ല. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇരുവര്‍ക്കും.അതിനാലാണ് എ.വിജയരാഘവന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത്.

ബിജെപിയും സിപിഎമ്മും കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്.ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ സിപിഎം കുറച്ചു നാളുകളായി പരിശ്രമിക്കുകയാണ്.കേരളത്തില്‍ സംഘപരിവാറിന് മണ്ണൊരുക്കുന്ന പണി സിപിഎം നിര്‍ത്തണം.മതവര്‍ഗീതയുടെ വിത്ത് പാകാനുള്ള ബിജെപിയുടെയും സംഘപരിവാര്‍ ശക്തികളുടെയും നീക്കം കേരളത്തിന്റെ മതേതര ഭൂമികയില്‍ മുളക്കില്ല.മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമത്തെ കേരളത്തിന്റെ മതേതരബോധം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *