ആശാവര്‍ക്കര്‍മാരെ കൈവിട്ടത് ക്രൂരമായിപ്പോയെന്ന് കെ സുധാകരന്‍ സമരത്തിന് കെപിസിസിയുടെ പിന്തുണ

Spread the love

ഡല്‍ഹിയില്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലം പണിയുന്ന പ്രൊഫ കെവി തോമസിന്റെ യാത്രാബത്ത 5 ലക്ഷം രൂപയില്‍നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാരുടെ 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കെ.വി.തോമസ് ചോദിച്ച അത്രയൊന്നും ആശാവര്‍ക്കര്‍മാര്‍ ചോദിച്ചിട്ടില്ല.എന്തിന്റെ ശമ്പളമാണ് കെ.വി.തോമസിന് കൊടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയണം. ഓഫീസിലിരുന്ന് ഒപ്പിട്ട് പൈസ വാങ്ങുന്നവരല്ല ആശാവര്‍ക്കര്‍മാര്‍.പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുന്നവരാണവര്‍. മറ്റെല്ലാമേഖലയിലും ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ ആശാവര്‍ക്കര്‍ക്ക് മാത്രം ഒരു പരിഗണനയുമില്ല. നിങ്ങളുടെ ന്യായമായ ആവശ്യം നേടിയെടുക്കുന്നവരെ കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം ഉണ്ടാകും. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ജോലിക്കും പോകാനില്ല. സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരേ നില്‍ക്കുന്നു. അതിനെതിരായ പോരാട്ടം മനക്കരുത്തോടെ കൊണ്ടുപോകണം. കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.

ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സകലതിനും വിലകൂടി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്ക് നല്കുന്നത് 7000 രൂപ മാത്രമാണ്. അതായത് ദിവസേന 233 രൂപ. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കുപോലും ദിവസക്കൂലി ആയിരം രൂപ കൊടുക്കണം.സങ്കടം പറയാന്‍ ആരോഗ്യമന്ത്രിയുടെ വീട്ടിലെത്തിയ ആശാവര്‍ക്കര്‍മാരെ ആട്ടിയോടിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുലര്‍ച്ചെ നാലുമണിക്ക് കാണാന്‍ ചെന്നപ്പോള്‍ പോലും അവരെ കേള്‍ക്കാന്‍ തയ്യാറായ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നെന്നത് മുഖ്യമന്ത്രി മറക്കരുതെന്നും കെ.സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്രവിഹിതവും കിട്ടുന്നില്ല. മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒറ്റക്കെട്ടായി ആശാവര്‍ക്കമാരെ കൈവിട്ടു. സമ്പന്നരുടെ ആവശ്യമാണെങ്കില്‍ ഇവര്‍ ഒറ്റക്കെട്ടായി അവര്‍ക്കുവേണ്ടി പോരാടിയേനെയെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത് കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലീബ്, ആറ്റിപ്ര അനില്‍ എന്നിവരും അദ്ദഹേത്തോടൊപ്പം ഉണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *