ജല്‍ ജീവന്‍ മിഷന്‍: പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു – ജില്ലാ കളക്ടര്‍

Spread the love

ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകളുടെ തുക കൈമാറാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതായി ജല്‍ ജീവന്‍ മിഷന്‍ ജില്ലാതല ജല ശുചിത്വമിഷന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ അവലോകനവും നടന്നു.

ജില്ലയിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിലെ താന്നികോട്ടുമലയില്‍ ജലസംഭരണി നിര്‍മിക്കുന്നതിനായി കണ്ടെത്തിയ 76 സെന്റ് സ്ഥലത്തിന്റെയും അതിലേക്കുള്ള വഴിയുടെയും ചെലവ് പദ്ധതിയില്‍ ഉള്‍പ്പെട്ട എട്ടു പഞ്ചായത്തുകള്‍ വഹിക്കണമെന്ന് തീരുമാനിച്ചെങ്കിലും താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകള്‍ ഇതുവരെ തുക കൈമാറിയിട്ടില്ല. ഓമശ്ശേരി പഞ്ചായത്തില്‍ ജലസംഭരണി നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലം പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് കൈമാറാത്തതും യോഗത്തില്‍ ചര്‍ച്ചയായി. മൂന്ന് പഞ്ചായത്തുകളുടെയും അടിയന്തര യോഗം ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ക്കും.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ജലസംഭരണി സ്ഥലത്തേക്ക് പൈപ്പ്‌ലൈന്‍ നിര്‍മിക്കാന്‍ ബിഎസ്എന്‍എലിന്റെ അധീനതയിലുള്ള സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റിസ്റ്റോറേഷന്‍ തുക അടച്ച ആറ് റോഡുകള്‍ ജലവിഭവ വകുപ്പിന് കൈമാറാനും കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ എല്‍എസ്ജിഡി അഡീഷണല്‍ ഡയറക്ടര്‍ രാര രാജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്, ഡിഎഫ്ഒ യു ആഷിക്ക് അലി, പഞ്ചായത്ത് സെക്രട്ടറിമാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *