ഡാലസ് : ഡാലസ് കൗണ്ടിയിൽ കോവിഡ് 19 കേസുകൾ സാവകാശം വർധിച്ചുവരികയാണെന്നും ബുധനാഴ്ച വരെയുള്ള കഴിഞ്ഞ 14 ദിവസത്തെ വർധനവ് മുൻ പതിനാലു ദിവസത്തേക്കാൾ 26 ശതമാനമാണെന്നും ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതരുടെ അറിയിപ്പിൽ പറയുന്നു. ഡിസംബർ 15നാണ് പുതിയ അറിയിപ്പ് പുറത്തുവന്നത്.
നോർത്ത് ടെക്സസിൽ ആദ്യമായി ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനുശേഷം രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ക്രിസ്മസ് അവധി ദിവസങ്ങളിൽ രോഗത്തിന്റെ വ്യാപ്തി വർധിക്കുമെന്നും യുറ്റി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുറ്റി മെഡിക്കൽ സെന്ററിലെ ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയത്. ഡാലസ്, ടെറന്റ് കൗണ്ടികളിൽ വർഷാവസാനത്തോടെ കോവിഡ് കേസുകൾ വർധിക്കുമെന്ന് ഇൻഫക്ഷ്യസ് ഡിസീസ് അസോസിയേറ്റ് പ്രൊഫ. ജെയിംസ് കട്രൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഡാലസ് കൗണ്ടിയിൽ മാത്രം 76 മരണവും 2244 പുതിയ കോവിഡ് 19 കേസുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഡാലസ് കൗണ്ടിയിലെ ആകെ മരണം 5371 ഉം, രോഗികളുടെ എണ്ണം 418940 ഉം ആയി ഉയർന്നിട്ടുണ്ട്. ടെറന്റ് കൗണ്ടിയിലെ മരണസംഖ്യ 4960 രോഗികളുടെ എണ്ണം 376070, കഴിഞ്ഞ ആഴ്ച ഇവിടെ 36 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.