തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അശാസ്ത്രീയമാണെന്നും ഒരു കാരണവശാലും ഈ പദ്ധതി അനുവദിക്കാന്‍ കഴിയില്ലെന്നും കെ.സുധാകരന്‍ എംപി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് അതിവേഗപാതയെ എതിര്‍ത്തവരാണ് സിപിഎമ്മുകാര്‍. അതിനെക്കാള്‍ ഭീകരമാണ് കെ റെയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. പരിസ്ഥിതി സര്‍വെയോ,സോഷ്യല്‍ സര്‍വെയോ, വിശദമായ പദ്ധതി രേഖ തയ്യാറാക്കലോ ചെയ്തിട്ടില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കെ റെയില്‍ പദ്ധതിക്ക് 64000 കോടി രൂപ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ 1.26 ലക്ഷം കോടി വേണമെന്നാണ്. പദ്ധതി ചെലവ് അതിന് മുകളിലാണെന്നതാണ് വസ്തുത.
കെ റെയിലുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നിലപാട് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കും. അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെ പ്രതികരിക്കുന്നത് ഉചിതമല്ല.ഈ വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും. ശശി തരൂരിന്റെ നിലപാട് തെറ്റാണെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും. അത് ശശി തരൂര്‍ ഉള്‍ക്കൊള്ളുമെന്നാണ് വിശ്വാസം. പാര്‍ട്ടിയെ അംഗീകരിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. ഒരു പ്രസ്താവനയിലൂടെ വിലയിരുത്തപ്പെടേണ്ട ആളല്ല അദ്ദേഹം. കെ റെയിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ട്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഗുണകരവും ശരിയുമല്ലെന്നും സുധാകരന്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയതുമായി ബന്ധപ്പെട്ട് ഗുണകരമായ ചര്‍ച്ച നടക്കുന്നത് നല്ലതാണ്.ജനാധിപത്യ രാജ്യത്ത് ജനവികാരത്തിന്റെ സമ്മിശ്രമായ പ്രതികരണം ഉണ്ടാകും.അതില്‍ നല്ലത് ഉള്‍ക്കൊള്ളണം. ഈ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് വിശദമായി ചര്‍ച്ച നടത്തിയ ശേഷം നിലപാട് വ്യക്തമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.