തിരുവനന്തപുരം: കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാര്‍ഷിക വരുമാനം 6,500 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയിലെത്തിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍. ക്രിസ്തുമസ് പുതുവത്സര മെട്രോ ഫെയര്‍ 2021ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.വാര്‍ഷിക വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സാരമായ മാറ്റങ്ങള്‍ സപ്ലൈകോയില്‍ വരും. സംസ്ഥാനത്താകെയുള്ള 1,625 വില്‍പനശാലകളിലൂടെ പൊതുവിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാനും ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ഉത്സവകാലത്ത് എല്ലാ വിഭാഗം ജനങ്ങളിലെത്തിക്കാനും വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.വില വര്‍ദ്ധനവ് കണക്കിലെടുത്ത് 13 ഉത്പന്നങ്ങള്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് 2016 ലെ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് മെട്രോ ഫെയറില്‍ വാങ്ങാന്‍ കഴിയും. 39 ഉത്പന്നങ്ങളുടെ വില വിപണി വിലയെക്കാള്‍ കുറവാണ്. ഉത്പന്നങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കാന്‍ വലിയ പരിശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെന്‍ഡര്‍ വിളിക്കുന്ന സാമ്പിളുകളുടെ ഒരു ഭാഗം മന്ത്രിയുടെ ഓഫീസില്‍ എത്തിച്ച് പരിശോധിക്കുന്നുണ്ട്. വിതരണ സമയത്ത് നിലവാരം കുറഞ്ഞാല്‍ നടപടിയെടുക്കും. തൃശ്ശൂരില്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്പന മാര്‍ച്ച് മാസമാകുന്നതോടെ എല്ലാ നഗരങ്ങളിലും നടപ്പാക്കും. വിപണി ഇടപെടലിന് പ്രതിവര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. ഇ-ടെണ്ടര്‍, ഇ-ലേലം എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് നാഫെഡ് മുഖേന ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് അവശ്യ സാധനങ്ങള്‍ സംഭരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റത്തെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ക്രിസ്തുമസിനോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അര ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പെര്‍മിറ്റുള്ള മത്സ്യ ത്തൊഴിലാളികള്‍ക്ക് ഈ മാസത്തെ മണ്ണെണ്ണ വിഹിതം പൂര്‍ണ്ണമായു വിതരണം ചെയ്യുന്നതിനു വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.