സ്ത്രീപക്ഷ നവകേരളം: സ്ത്രീശക്തീ കലാജാഥ പരിശീലനക്കളരി 10 മുതൽ

Spread the love

കുടുംബശ്രീയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ത്രീശക്തീ വനിതാ കലാജാഥയുടെ സംസ്ഥാനതല പരിശീലനക്കളരി ജനുവരി 10 തിരുവനന്തപുരം മൺവിളയിലെ അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുമെന്ന് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ അംബാസഡർ നിമിഷ സജയൻ അറിയിച്ചു. പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുൺ ഉച്ചയ്ക്ക് 2 മണിക്ക് പരിശീലനക്കളരി ഉദ്ഘാടനം ചെയ്യും.

പ്രസിദ്ധ നാടകകൃത്തും സംവിധായകനുമായ കരിവെള്ളൂർ മുരളിയാണ് ക്യാമ്പ് ഡയറക്ടർ. ശ്രീജ പെരിങ്ങോട്ടുകര, റഫീക് മംഗലശ്ശേരി, സുധി, ശൈലജ പി അമ്പു, സാംസൺ സിൽവ, നാരായണൻ തുടങ്ങിയവർ പരിശീലകരായി ക്യാമ്പിൽ പങ്കെടുക്കും. ഡോ. ടി കെ ആനന്ദി, പ്രൊഫ. എ ജി ഒലീന, ഡോ. സുജ സൂസൻ ജോർജ്ജ്, അമൃത റഹീം, വി എസ് ബിന്ദു, മാഗ്ഗി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സ്ത്രീപക്ഷ ചർച്ചയിലാണ് കലാജാഥയ്ക്കുള്ള സ്‌ക്രിപ്റ്റുകൾ തയ്യാറായതെന്ന് നിമിഷ സജയൻ പറഞ്ഞു.

സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും മൂന്ന് കലാകാരികൾ വീതമാണ് പരിശീലന കളരിയിൽ പങ്കെടുക്കുന്നത്. ഇവർ അവരവരുടെ ജില്ലകളിലെ ജില്ലാ സ്ത്രീശക്തീ കലാജാഥകളുടെ പരിശീലകരായിരിക്കും. ഫെബ്രുവരി ആദ്യവാരം എല്ലാ ജില്ലകളിലും സ്ത്രീശക്തീ വനിതാ കലാജാഥകൾ പര്യടനം നടത്തും. തദ്ദേശ ഭരണ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാ അയൽക്കൂട്ട പ്രദേശങ്ങളിലേയും കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. പ്രേക്ഷകർക്ക് അവിസ്മരണീയമായ കലാനുഭൂതി പകരുന്ന വിധത്തിലാണ് സ്ത്രീശക്തി വനിതാ കലാജാഥ ഒരുക്കുന്നതെന്ന് നിമിഷ സജയൻ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *