കൊല്ലം : ശക്തികുളങ്ങര-നീണ്ടകര ഹാര്‍ബര്‍ വികസന പദ്ധതികളുടെ പ്രാരംഭ നടപടികള്‍ വിലയിരുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാന്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ തീരദേശത്തിന്റെ തന്നെ അഭിമാന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ സന്ദര്‍ശിച്ച മന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ഹാര്‍ബറുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി ശക്തികുളങ്ങരയിലെ ബോട്ട് നിര്‍മ്മാണശാലയുടെ നിര്‍മ്മാണം ഒന്നരമാസത്തിനുള്ളില്‍ ആരംഭിക്കും. നീണ്ടകര ഹാര്‍ബറില്‍ ആരംഭിക്കുന്ന വല നിര്‍മ്മാണശാലയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. കൂടാതെ ആധുനിക സൗകര്യങ്ങളോടെയുള്ള പാര്‍ക്ക്, എല്ലാം മത്സ്യങ്ങളും ലഭ്യമാകുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള മത്സ്യ വില്‍പ്പന ഹാള്‍ എന്നിവയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ഹാര്‍ബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി പറഞ്ഞു. 50 കോടിയോളം നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഇതിനകം 34 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ശക്തികുളങ്ങര ബോട്ട് നിര്‍മ്മാണശാലയോട് ചേര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നൂറോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന സംരംഭം ആരംഭിക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ സുജിത്ത് വിജയന് പിള്ളയ്ക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.