കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ അതിരില്ലാത്ത സാധ്യതകളുമായി സീ പ്ലെയിൻ വിജയകരമായി പറന്നുയർന്നു. കൊച്ചി ബോൾഗാട്ടി മറീനയിൽ രാവിലെ 10.30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സീ പ്ലെയിൻ ഫ്ളാഗ് ഓഫ് ചെയ്തു. പരീക്ഷണപ്പറക്കലിനു മുന്നോടിയായി കൊച്ചി കായലിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവ൯കുട്ടി, പി. രാജീവ്, കൊച്ചി മേയ൪ എം. അനിൽ കുമാ൪, കൊച്ചി കോ൪പ്പറേഷ൯ കൗൺസില൪ പി.ആ൪. റെനീഷ്, ടൂറിസം സെക്രട്ടറി കെ. ബിജു, ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪, കേരള ട്രാവൽ മാ൪ട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥ൯, സീനിയ൪ അംഗം എം.ആ൪. നാരായണൺ എന്നിവരെയും വഹിച്ചുകൊണ്ട് കൊച്ചി കായലിൽ സീപ്ലെയിൻ ആദ്യ യാത്ര നടത്തി.
തുടർന്ന് തിരിച്ച് ബോൾഗാട്ടി മറീനയിൽ ഇറങ്ങിയ സീപ്ലെയിൻ ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ട് ലക്ഷ്യമാക്കി പറന്നുയർന്നു. ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪, ടൂറിസം അഡീഷണൽ ഡയറക്ട൪ പി. വിഷ്ണുരാജ്, സിയാൽ ഡയറക്ട൪ ജി. മനു, ജില്ലാ വികസന കമ്മീഷണ൪ എസ്. അശ്വതി, വാട്ട൪ മെട്രോ പ്രതിനിധി സാജ൯ ജോൺ, കെഎഎസ് ഉദ്യോഗസ്ഥ൯ അശ്വി൯, ഡിടിപിസി സെക്രട്ടറി സതീഷ് മിറാ൯ഡ എന്നിവർ വിമാനത്തിൻ്റെ ക്രൂ അംഗങ്ങളായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ, യോഗേഷ് ഗാ൪ഗ് എന്നിവ൪ക്കൊപ്പം കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പറന്നത്. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സീപ്ലെയ്ന് സ്വീകരണം നൽകി. അവിടെ നിന്ന് മന്ത്രി റോഷി അഗസ്റ്റിനും തിരികെ സീപ്ലെയിനിൽ യാത്ര ചെയ്തു. 12 ന് പുറപ്പെട്ട വിമാനം 12.21 ന് കൊച്ചി സിയാലിൽ ഇറങ്ങി.